
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രമുഖ നിര്‍മാണ കമ്പനികളിലൊന്നായ ധര്‍മ്മ പ്രൊഡക്ഷന്‍സ്, മലയാള സിനിമയിലെ ആദ്യ നിര്‍മാണ സംരംഭവുമായി എത്തുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംവിധായകന്‍ രാഹുല്‍ സദാശിവനും കൈകോര്‍ക്കുന്ന ‘ഒടിയന്‍: ദി ഏജ് ഓഫ് ഇല്ല്യൂഷന്‍’ എന്ന മഹത്തായ ചലച്ചിത്രമാണ് ഈ കൂട്ടുകെട്ടിന്റെ ആദ്യ സംരംഭം.
കേരളത്തിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ ജനകീയ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹര്‍, ആദര്‍ പൂനാവാല, അപൂര്‍വ മേത്ത, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഭൂതകാലം, ഭ്രമയുഗം, ഡയസ് ഇറേ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സവിശേഷ ഇടം നേടിയ രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും പൃഥ്വിരാജ് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തിന്റെ ജനകീയ ഐതിഹ്യങ്ങളിലെ ഏറ്റവും ദുരൂഹവും ഭയാനകവുമായ രൂപംമാറ്റക്കാരനായ ‘ഒടിയനെ’ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. ശക്തമായ ഒരു മാതൃകുടുംബത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈ അതിഭൗതിക സാന്നിധ്യം സത്യവും മിഥ്യയും തമ്മിലുള്ള അതിശക്തമായ ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നു. പുരാണവും ഭീതിയും മനഃശാസ്ത്രപരമായ ആഴവും സമന്വയിക്കുന്ന അപൂര്‍വമായ ദൃശ്യാനുഭവമായിരിക്കും ചിത്രം.
ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാവായ കരണ്‍ ജോഹറിന്റെ വാക്കുകളിലേക്ക്…
‘മലയാള സിനിമയുടെ ആരാധകനാണ് ഞാന്‍. അതിന്റെ കലാ മികവും ധീരമായ കഥപറച്ചില്‍ രീതിയും പ്രേക്ഷകരില്‍ പുലര്‍ത്തുന്ന വിശ്വാസവും എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ദര്‍ശനവും പൃഥ്വിരാജിന്റെ നേതൃത്വവുമുള്ള ഈ കഥ ഞങ്ങളിലേക്ക് എത്തിയപ്പോള്‍, മലയാള സിനിമയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവെപ്പിന് ഇതിലും മികച്ച അവസരം വേറെയില്ലെന്ന് തോന്നി. ഏറ്റവും വലിയ ക്യാന്‍വാസ് അര്‍ഹിക്കുന്ന ചിത്രമാണ് ‘ഒടിയന്‍: ദി ഏജ് ഓഫ് ഇല്ല്യൂഷന്‍’, അതിന് ഞങ്ങള്‍ ഭാഗമാകുന്നതില്‍ സന്തോഷമുണ്ട്.’
ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ സിഇഒ അപൂര്‍വ മേത്തയുടെ വാക്കുകള്‍…
‘ധീരമായ സൃഷ്ടിപരതയും സാംസ്‌കാരിക വേരുകളോടുള്ള അടുപ്പവും പ്രേക്ഷകരുമായുള്ള ആത്മാര്‍ത്ഥമായ ബന്ധവുമാണ് മലയാള സിനിമയുടെ പ്രത്യേകത. മലയാള സിനിമയിലേക്കുള്ള ധര്‍മ്മയുടെ പ്രവേശനം സ്വാഭാവികവും ആവേശകരവുമായ ഒരു വികസനമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനും രാഹുല്‍ സദാശിവനുമൊപ്പമുള്ള ഈ സഹകരണം ഞങ്ങള്‍ക്ക് അഭിമാന നിമിഷമാണ്.’
നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു:
‘ഒടിയന്‍ ഒരു ഐതിഹ്യം മാത്രമല്ല; അത് കേരളത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ ഭാഗമാണ്. തലമുറകളിലൂടെ സഞ്ചരിച്ച ഈ കഥയെ അതിന്റെ പുരാണമൂല്യവും സാംസ്‌കാരിക പശ്ചാത്തലവും സംരക്ഷിച്ചുകൊണ്ട് വലിയ തിരശ്ശീലയില്‍ അവതരിപ്പിക്കുകയെന്നത് ഏറെ നാളായുള്ള എന്റെ ആഗ്രഹമാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സ് പങ്കാളികളാകുന്നതോടെ രണ്ട് ശക്തമായ ദര്‍ശനങ്ങളാണ് ഒന്നിക്കുന്നത്.’
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഡയറക്ടറായ സുപ്രിയ മേനോന്‍ പറഞ്ഞു:
‘കഥപറച്ചിലിനെ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന പ്രേക്ഷകരുള്ള മലയാള സിനിമയുടെ ലോകത്തേക്ക് ധര്‍മ്മ പ്രൊഡക്ഷന്‍സിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ‘ഒടിയന്‍’ വഴി ലോകോത്തര നിലവാരമുള്ള സിനിമാനുഭവം മലയാള പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ ‘
സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു.
‘ഓര്‍മ്മകള്‍ക്കും വിശ്വാസങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഇടയിലുള്ള അതിരുകളിലാണ് നാടോടിക്കഥകളുടെ ശക്തി നിലനില്‍ക്കുന്നത്. കേരളത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഐതിഹ്യങ്ങളിലൊന്നായ ഒടിയനെ പുതിയൊരു ചലച്ചിത്രഭാഷയിലൂടെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അന്തരീക്ഷവും ദുരൂഹതയും വികാരങ്ങളും ചേര്‍ന്ന ഈ കഥ എന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സിനിമാ സംരംഭമാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സിനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനുമൊപ്പമുള്ള ഈ യാത്രയില്‍ ഞാന്‍ അതീവ ആവേശത്തിലാണ്.’
‘ഒടിയന്‍: ദി ഏജ് ഓഫ് ഇല്ല്യൂഷന്‍’ ഉടന്‍ തിയേറ്ററുകളില്‍ എത്തും.
Online PR – CinemaNewsAgency.Com