
മഹേഷ് മാധവ് കമ്മത്ത്-
ആയുര്‍വേദത്തിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും വളരെ പ്രധാന്യമുള്ള ഒരു ഔഷധസസ്യമാണ് നന്നാറി (ശാസ്ത്രീയ നാമം: Hemidesmus indicus). കേരളത്തില്‍ ഇത് നറുനീണ്ടി എന്നും അറിയപ്പെടുന്നു.

നന്നാറിയുടെ വേരുകളും കിഴങ്ങുകളുമാണ് പ്രധാനമായും ഔഷധങ്ങള്‍ക്കും ദ്രവകത്തിനും സര്‍ബത്ത് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നത്. സുഗന്ധവും കുളിര്‍മ നല്‍കുന്ന ഗുണവുമാണ് ഇതിന്റെ പ്രധാന പ്രത്യേകത.

തമിഴില്‍ നന്നാറി എന്നുതന്നെയാണ് വിളിക്കുന്നതെങ്കിലും ഇംഗ്ലീഷില്‍ Indian Sarsaparilla എന്നും സംസ്‌കൃതത്തില്‍ അനന്തമൂല, ശാരീവ എന്നും
ഹിന്ദിയില്‍ അനന്തമൂല്‍ എന്നും തെലുങ്കില്‍ സുഗന്ധിപാല എന്നും കന്നഡയില്‍ സുഗന്ധി വേരു എന്നുമാണ് വിളിക്കുന്നത്.

നന്നാറിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ ഇതിന്റെ സേവനം ശരീരത്തിന് തണുപ്പ് നല്‍കുന്നു എന്നതാണ് ഹൈലൈറ്റ്.
വേനല്‍ക്കാലത്ത് ശരീരത്തിലുണ്ടാകുന്ന അമിത ചൂട് കുറയ്ക്കാനും നിര്‍ജ്ജലീകരണം (Dehydration) തടയാനും നന്നാറി വേരുകള്‍ കൊണ്ട് ഉണ്ടാക്കുന്ന പാനീയങ്ങള്‍ സഹായിക്കുന്നു.

രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. രക്തശുദ്ധീകരണത്തിലൂടെ മുഖക്കുരു, എക്‌സിമ, ചര്‍മ്മത്തിലെ അലര്‍ജികള്‍ എന്നിവ ശമിക്കും.
വയറ്റിലെ അസിഡിറ്റി, അള്‍സര്‍, ഗ്യാസ്ട്രബിള്‍, മലബന്ധം എന്നിവ കുറയ്ക്കാനും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ദഹനാരോഗ്യം കൂട്ടുകയും ചെയ്യുന്നു.
മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചില്‍, മൂത്രപ്പന്ത (UTI) എന്നിവ കുറയ്ക്കാന്‍ നന്നാറിക്ക് കഴിവുണ്ട്. ഇത് ഒരു സ്വാഭാവിക ഡൈയൂററ്റിക് (Diuretic) ആയി പ്രവര്‍ത്തിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തടയുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശരീരത്തിലുണ്ടാകുന്ന വീക്കവും സന്ധിവേദനകളും കുറയ്ക്കാന്‍ നന്നാറി വേരിന്റെ കഷായം ആയുര്‍വേദത്തില്‍ ഉപയോഗിക്കാറുണ്ട്.

ആയുര്‍വേദത്തില്‍ ശരീരത്തിനും മനസ്സിനും പുനരുജ്ജീവനി (Rejuvenation)യുമാണ്. പ്രധാനമായും ശരീരത്തിലെ മലിനവസ്തുക്കളെ നീക്കി, കോശങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നത് കൊണ്ടാണ് നന്നാറിയെ ഒരു സ്വാഭാവിക റെജുവിനേറ്റര്‍ ആയി കണക്കാക്കുന്നത്.

നന്നാറി സര്‍ബത്ത് ഉണ്ടാക്കുന്ന വിധം:
നന്നാറി സിറപ്പ് 2-3 ടേബിള്‍ സ്പൂണ്‍ ഗ്ലാസിലേക്ക് ഒഴിക്കുക. പകുതി ചെറുനാരങ്ങയുടെ നീര് അതിലേക്ക് പിഴിയുക. ആവശ്യമെങ്കില്‍ ഒരു നുള്ളു ഉപ്പ് ചേര്‍ക്കുക. തണുത്ത വെള്ളമോ സോഡയോ ഒഴിച്ച് വെള്ളത്തില്‍ കുതിര്‍ത്ത കറുത്ത കസ്സ്‌കസ്സ് ഒരു സ്പൂണ്‍ ഗ്ലാസിലേക്ക് ഒഴിക്കുക. പിന്നെ, വേണമെങ്കില്‍ മണത്തിനും ഭംഗിക്കുമായി പുദീനയിലയും ഇട്ട് നന്നായി ഇളക്കി ഉപയോഗിക്കുക.
വേനല്‍ക്കാലത്ത് ശരീരത്തിന് പെട്ടെന്ന് കുളിര്‍മയും ഊര്‍ജ്ജവും നല്‍കാന്‍ ഈ നന്നാറി സര്‍ബത്ത് വളരെ മികച്ചതാണ്.