
ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ ‘മായന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി.
മാജിക്ക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ കെ ജോസ് ആണ്.
‘കളങ്കാവല്‍’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധാന രംഗത്ത് തന്റെ കയ്യൊപ്പ് പതിച്ച സംവിധായകനാണ് ജിതിന്‍ കെ ജോസ്. തന്റെ രണ്ടാമത്തെ ചിത്രമായ മായനിലും തന്റെ മികവ് പ്രകടിപ്പിക്കുവാന്‍ ഈ സംവിധായകന് സാധിച്ചിരിക്കുന്നു എന്നാണ് ട്രെയിലര്‍ ഉള്‍പ്പെടെ ഈ ചിത്രത്തിന്റേതായി എത്തിയിട്ടുള്ള അപ്‌ഡേഷനുകളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഡിസംബര്‍ മൂന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ട്രെയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നത്.
ട്രെയിലറിലെ ചില ഭാഗങ്ങള്‍ നമുക്കൊന്നു ശ്രദ്ധിക്കാം.
‘അന്നാമ്മച്ചേടത്തി അവസാനം ഒക്കെ എത്തിയപ്പോള്‍ എന്നോട് നേര് പറഞ്ഞിട്ടുണ്ട്. അവര് ശരിക്കും നെല്ലിപ്പുരയില്‍ നിന്നും വന്നവരാണ്.’
‘നെല്ലിപ്പുര എന്ന സ്ഥലത്തേക്ക് പോലീസുകാരാരും പോകാറില്ല. ഇതിനു മുന്നേ രണ്ടു മൂന്നു പേരു പോയിരുന്നു, അവരാരും ജീവനോടെയല്ല തിരിച്ചു വന്നത്.’
‘കെട്ട ശക്തികളെ വച്ച് ആരാധിക്കുന്നവരാണ് ഇവിടെയുള്ളവരെല്ലാം.’
‘ഈ പെണ്‍കൊച്ച് ശരിക്കും ഉള്ളതാണോ? അതിനവള്‍ മരിച്ചെന്നാരാ പറഞ്ഞെ?’
‘ഇതിലെന്തൊക്കെയോ നടക്കുന്നുണ്ട് സാര്‍…’
ട്രെയിലറിലെ ചില സുപ്രധാനമായ രംഗങ്ങളാണിത്. ഇത് ശ്രദ്ധിച്ചാല്‍ ചിത്രത്തിന്റെ ഏകദേശ രൂപം വ്യക്തമാകും.
ചില അദൃശ്യ ശക്തികളുടെ സ്വാധീനവും, ദുരൂഹതകളും പ്രേക്ഷകരെ ആകെ വിസ്മയിപ്പിക്കുവാന്‍ പോന്നതാണ്.
കേരളത്തിലെ പുരാതനമായ ചില ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട കറുത്തച്ചനൂട്ട് എന്ന ദുര്‍മന്ത്രവാദ ആചാരവും ചിത്രത്തിന്റെ പ്രമേയത്തിന്റെ പ്രധാന ഘടകമാണെന്ന് പറയപ്പെടുന്നു.
ചിത്രത്തിലെ നിഗൂഢതകള്‍ രാജ്യത്തിനപ്പുറത്തേക്കും വ്യാപിക്കുന്നു എന്നാണ് ചിത്രത്തിലൂടെ സമര്‍ത്ഥിക്കുന്നത്.
സത്യവും മിഥ്യയും കോര്‍ത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
ഹൊററും, ആക്ഷനും, വയലന്‍സും, ഇമോഷണല്‍ ഡ്രാമയുമൊക്കെ കോര്‍ത്തിണക്കിയ ഫാന്റസി ഹൊറര്‍ ത്രില്ലറായിരിക്കും ഈ ചിത്രം.
പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ട ഈ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൈലാ ഉഷ, വിജയ് ബാബു, അര്‍ഷാ ബൈജു, നിരഞ്ജനാ അതൂല്‍, ജിബിന്‍ ഗോപിനാഥ്, മുബിന്‍ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകന്‍ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റിംഗ്- പ്രവീണ്‍ കുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രോഹിത് ആര്‍ നായര്‍, കലാ സംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദന്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീരാ സനീഷ്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വി ബോസ്,
പ്രൊഡക്ഷന്‍ മാനേജര്‍- പീറ്റര്‍ അര്‍ത്തുങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എബി ബെന്നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍- കിരണ്‍ കാന്ത്.
ഡിസംബര്‍ മൂന്നിന് സെഞ്ച്വറി പിക്‌ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്
Online PR – CinemaNewsAgency.Com
