സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് മധുപാല്‍

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് മധുപാല്‍

കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ച് മധുപാല്‍. സംസ്ഥാനത്ത് ഭരണതലത്തില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ 4 വര്‍ഷ കാലയളവില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിനെ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായം ഉയര്‍ത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെന്‍ഷന്‍ 5000 ആയി വര്‍ധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെന്‍ഷനും അവശതാ പെന്‍ഷനും 500 രൂപ വര്‍ധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള സര്‍കാര്‍ ഉത്തരവ് നേടാന്‍ കഴിഞ്ഞിരുന്നു. 2026 ഏപ്രില്‍ മാസത്തില്‍ 4600 പേര്‍ക്ക് 5000 രൂപ വീതം പെന്‍ഷനും 375 പേര്‍ക്ക് 1600 രൂപ വീതം കുടുംബപെന്‍ഷനും 4 പേര്‍ക്ക് അവശതാ പെന്‍ഷനും വിതരണം ചെയ്തിട്ടുണ്ട്. മറ്റ് ധനസഹായങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയില്‍ നിന്ന് 50,000 ആക്കി. ഒരു മെമ്പറുടെ ജീവിതത്തില്‍ ഒന്നര ലക്ഷമായിരുന്ന ചികിത്സ ധനസഹായം ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും രണ്ട് ലക്ഷം ലഭിക്കുന്ന രീതിയിലും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.

ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നുമാണ് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സിനിമ ടിക്കറ്റന്മേല്‍ ലഭിക്കുന്ന 3 രൂപ സെസ്സും അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന അംശദായവുമാണ് ബോര്‍ഡിന്റെ പ്രധാന വരുമാന സ്രോതസ്. 2022ല്‍ കരുതല്‍ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വര്‍ഷം 75,72,572 രൂപയായി ഉയര്‍ത്താനായിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് സ്വീകരിക്കുവാനുള്ള സര്‍കാര്‍ ഉത്തരവ് നേടിയെടുത്തു. അം?ഗങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ പുതുതായി ചേര്‍ന്നത് 2245 പേരാണ്. ഇതോടെ മൊത്തം അംഗസംഖ്യ 20,592 ആയി ഉയര്‍ന്നു. അംഗങ്ങളുടെ വരിസംഖ്യ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും ഇക്കാലയളവിലാണ്.

എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം ബോര്‍ഡ് നടപടികളുടെ ഡിജിറ്റലൈസേഷനാണ്. വിവിധ പെന്‍ഷനുകള്‍, അപേക്ഷകള്‍, ധനസഹായങ്ങള്‍ എന്നിവയെല്ലാം ഇനി ഓണ്‍ലൈനായി തന്നെ അപേക്ഷിക്കാം. ഇതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമായി മാറ്റാനായി.

കലാകാരന്മാരെ ചേര്‍ത്തു നിര്‍ത്തുന്നതിന് എക്കാലവും മുന്‍തൂക്കം നല്‍കുന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത കലാകാരന്മാര്‍ക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള സര്‍കാര്‍ ഉത്തരവ് നേടുകയും നിലനില്‍ക്കുന്ന അംഗത്വത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തതും ഈ കാലയളവിലെ പ്രധാന മാറ്റമായി എടുത്തുകാണിക്കാം. 202122 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പെന്‍ഷന്‍ ഇനത്തില്‍ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങള്‍ക്കായി അഞ്ച് കോടിയിലധികവും തുക ചിലവാക്കിയിട്ടുണ്ട്.

തീയേറ്ററുകളില്‍ പലതും സെസ്സ് തുക യഥാസമയം അടയ്ക്കുന്നതിന് വീഴ്ച വരുത്തുകയും തീയേറ്റര്‍ ലൈസന്‍സ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും പുതുക്കി നല്‍കുകയും ചെയ്തിരുന്നത് മൂലം ക്ഷേമനിധി ബോര്‍ഡിന് ലഭിക്കേണ്ട വരുമാനം യഥാസമയം ലഭിക്കാത്തതിനാല്‍ ക്ഷേമനിധി ബോര്‍ഡിന്റെ കുടിശ്ശിക നിവാരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം എന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുകയും, ഈ കത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്ത് 18.01.2024 ല്‍ തദ്ദേശ സ്വയംഭരണ (ആര്‍.സി) വകുപ്പില്‍ നിന്നും സ.ഉ.(സാധാ) നം.137/2024/LSGD നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ ഭാഗമായി തീയേറ്ററുകളില്‍ നിന്നും കൃത്യമായി സെസ്സ് പിരിച്ചെടുക്കാന്‍ കഴിയുന്നുണ്ട്.

ക്ഷേമനിധി ബോര്‍ഡില്‍ സെസ്സ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ 35 ഓളം കേസ്സുകള്‍ ബഹു. കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാരിനും ക്ഷേമനിധി ബോര്‍ഡിനും ആനുകൂലമായി 28 കേസ്സുകളില്‍ ബഹു. ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ വിധി തിയേറ്ററുകളില്‍ നിന്നും കുടിശ്ശിക സെസ്സ് പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബാക്കി കേസ്സുകളില്‍ ക്ഷേമനിധി ബോര്‍ഡിന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഹൈക്കോടതിയുടെ ഈ ഉത്തരവ് വരും മാസങ്ങളില്‍ ക്ഷേമനിധി ബോര്‍ഡിന് സെസ്സ് പിരിക്കുന്നതിന് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിനെല്ലാം പുറമെ തിയേറ്ററുകളുമായുള്ള ബന്ധം കൂടുതല്‍ സൗഹൃദപരവും കാര്യക്ഷമവുമായത് ഇക്കാലയളവിലാണ്. സെസ് തുകയുമായി നിലനിലനിന്നിരുന്ന തര്‍ക്ക വിഷയങ്ങള്‍ കോടതിയില്‍ ജയിക്കാനായി എന്നത് വരും വര്‍ഷങ്ങളില്‍ ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കാനും പ്രവര്‍ത്തനം സുഖകരമാക്കാനും ഉപകരിക്കും.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close