വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാഹുബലി നടന്‍ മധു പ്രകാശിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഭാര്യ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മധുവിനെ അറസ്റ്റ് ചെയ്തത്. റായ്ദുര്‍ഗം പോലീസിലാണ് മധുവിന്റെ ഭാര്യ ഭാരതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭാരതിയെ മധു മര്‍ദ്ദിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് മകള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഭാരതിയുടെ പിതാവ് ആരോപിച്ചു. ഭാരതിയുടെ പിതാവിന്റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304ബി (സ്ത്രീധന പീഡനം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2015ലാണ് മധുവും ഭാരതിയും വിവാഹിതരായത്. മധുവിന് സഹതാരവുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി വാര്‍ത്ത വന്നിരുന്നു.