ഗായത്രി
കോഴിക്കോട്: താങ്ങുവിലയുടെ ഇരട്ടി പൊതുവിപണിയിലുണ്ടായിട്ടും മെച്ചപ്പെട്ട ഉല്‍പാദനമില്ലാതെ കൊപ്ര കര്‍ഷകര്‍ വലയുന്നു. കഴിഞ്ഞ ദിവസം മില്‍ കൊപ്രക്ക് കേന്ദ്ര സര്‍ക്കാര്‍ ക്വിന്റലിന് ആയിരം രൂപ കൂട്ടി 7500 രൂപയാക്കിയത് കര്‍ഷകര്‍ക്ക് ഉപകാരമാകില്ല. കോഴിക്കോട് വിപണിയില്‍ കൊപ്ര എടുത്തപടിക്ക് ക്വിന്റലിന് 14400 രൂപയാണ് വില. ഉണ്ട കൊപ്രക്ക് ക്വിന്റലിന് 6785 രൂപയില്‍നിന്ന് 7750 ആയും കേന്ദ്രം താങ്ങുവില വര്‍ധിപ്പിച്ചിട്ടുണ്ട്. പൊതുവിപണിയില്‍ ഉണ്ടക്ക് 13750 രൂപവരെയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊപ്രയുടെ താങ്ങുവില പ്രഖ്യാപിക്കുമ്പോള്‍ 9000 രൂപയായിരുന്നു പൊതുവിപണിയിലുണ്ടായിരുന്നത്.
താങ്ങുവില കൃത്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് കൊപ്രസംഭരണം നടക്കുന്നില്ല. വില കൂടിയതിനാല്‍ വിപണി ഇടപെടലിന്റെ ആവശ്യമില്ലെന്നാണ് കേരഫെഡിന്റെ വാദം. മുമ്പ് സംഭരിച്ചപ്പോള്‍ ലാഭമുണ്ടാക്കിയത് കച്ചവടക്കാരും തമിഴ്‌നാട്ടിലെ ചില മില്ലുകാരുമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. കൃഷിഭവന്‍ വഴിയുള്ള സംഭരണത്തില്‍ വ്യാപകമായി പരാതിയുയര്‍ന്നതോടെ സഹകരണ സംഘങ്ങള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുമെന്നും ന്യായവില നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പച്ചത്തേങ്ങ സംഭരണം നിര്‍ത്തിയത് കേരഫെഡിനെയാണ് ബാധിച്ചത്. കേരഫെഡിന്റെ വെളിച്ചെണ്ണനിര്‍മാണ യൂനിറ്റുകളിലേക്ക് പച്ചത്തേങ്ങ കിട്ടാതായതോടെ തമിഴ്‌നാട്ടില്‍നിന്നടക്കമാണ് കൊപ്ര ശേഖരിക്കുന്നത്. കേരഫെഡിന് നിലവാരം കുറഞ്ഞ കൊപ്രയാണ് തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍ നല്‍കുന്നത്. കേരളത്തിലെ മുന്തിയ കൊപ്ര കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും കച്ചവടക്കാര്‍ ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കുകയാണ്. അതേസമയം, പ്രാദേശിക മാര്‍ക്കറ്റുകളില്‍നിന്നാണ് കൊപ്ര ശേഖരിക്കുന്നതെന്ന് കേരഫെഡ് ചെയര്‍മാന്‍ അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ പറഞ്ഞു.