മഹേഷ് മാധവ് കമ്മത്ത്-
കണ്ണൂര്‍: കേരളത്തിന്റെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ആചാരങ്ങളും നാടന്‍പാട്ടുകളും തനത് ക്ഷേത്ര-ഗോത്ര കലാരൂപങ്ങളും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറിക്കിട്ടിയ വലിയൊരു സാംസ്കാരിക പൈതൃകമാണ്. എന്നാല്‍, ആധുനികതയുടെ കടന്നുവരവോടെ അന്യംനിന്നുപോകാന്‍ തുടങ്ങിയ ഈ നാട്ടുപൊലിമകളെയും പരമ്പരാഗത കലാകാരന്മാരെയും വീണ്ടെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് കേരള ഫോക്ലോര് അക്കാദമി പ്രവര്‍ത്തിക്കുന്നത്.

1995ല്‍ രൂപീകൃതമായ ഈ സ്ഥാപനം, തുടക്കത്തില്‍ കണ്ണൂര്‍ നഗരത്തിലെ ഇടുങ്ങിയ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സാംസ്കാരിക വകുപ്പ് മന്ത്രിമാരായിരുന്ന ടി.എം. ജേക്കബ്, ജി. കാര്ത്തികേയന് എന്നിവരുടെ കാലഘട്ടത്തിലാണ് കണ്ണൂരിലെ ചരിത്രപ്രസിദ്ധമായ ചിറക്കല്‍ കോവിലകത്തിന്റെ അന്തരീക്ഷത്തിലേക്കും, ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ജലാശയമായ ചിറക്കല്‍ ചിറയുടെ സമീപത്തുള്ള വിശാലമായ ഇന്നത്തെ ആസ്ഥാനത്തേക്കും അക്കാദമി മാറിയത്.

നാടന്‍ കലാപാരമ്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യം അക്കാദമി കൃത്യമായി നിറവേറ്റുന്നുണ്ട്. തെയ്യം, തിറ, പടയണി, കൂടിയാട്ടം, നാടന്‍പാട്ടുകള്‍ തുടങ്ങി ആയിരക്കണക്കിന് നാടോടി കലാരൂപങ്ങളെ ആധികാരികമായി രേഖപ്പെടുത്താനും അവ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനും അക്കാദമി വേദിയൊരുക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ വിസ്മൃതിയിലാണ്ടുപോകുമായിരുന്ന പല അപൂര്‍വ്വ കലാരൂപങ്ങളെയും വീണ്ടെടുക്കാന്‍ ഗവേഷണ പദ്ധതികളിലൂടെയും ശില്‍പ്പശാലകളിലൂടെയും അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്.

കേവലം കലകളെ മാത്രമല്ല, ആ കലകളെ നെഞ്ചിലേറ്റുന്ന സാധാരണക്കാരായ കലാകാരന്മാരെയും പിന്തുണയ്ക്കുക എന്നത് അക്കാദമിയുടെ പ്രധാന ദൗത്യമാണ്. അര്‍ഹരായ മുതിര്‍ന്ന കലാകാരന്മാര്ക്ക് ഫോക്ലോര് അവാര്‍ഡുകളും ഫെലോഷിപ്പുകളും സാമ്പത്തിക സഹായങ്ങളും നല്കി ആദരിക്കുന്നതിലൂടെ അവരുടെ ഉപജീവനത്തിനും ആത്മാഭിമാനത്തിനും വലിയ കരുത്താണ് അക്കാദമി പകരുന്നത്. ഇതിനുപുറമെ, തെയ്യം പോലുള്ള അനുഷ്ഠാന കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന പാവപ്പെട്ട കോലധാരികളുടെ ജീവിതം സാമ്പത്തികമായും ആരോഗ്യപരമായും സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇന്‍ഷുറന്‍സ് പാക്കേജുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും അക്കാദമി ലക്ഷ്യമിടുന്നുണ്ട്.

നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ കലകളും പാരമ്പര്യ ജീവിതരീതികളും മൗലികമായി തിരിച്ചുപിടിക്കുന്നതിനൊപ്പം, കേരളത്തിലെ ഫോക്ലോര് പഠനമേഖലയെയും വൈജ്ഞാനിക പശ്ചാത്തലത്തെയും കൂടുതല്‍ വികസിപ്പിക്കാനായി ഒരു ‘ഫോക്ലോര് യൂണിവേഴ്സിറ്റി’ എന്ന ആശയം സര്‍ക്കാരുമായി ആലോചിച്ച് നടപ്പിലാക്കാനും അക്കാദമി ഉദ്ദേശിക്കുന്നുണ്ട്.
ഇന്നത്തെ തലമുറയില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ പഴയകാല തനത് ആഹാരക്രമങ്ങളും ആരോഗ്യകരമായ ജീവിതരീതികളും, പത്മശ്രീ ചെറുവയല്‍ രാമനെപ്പോലുള്ളവരുടെ വിത്തു സംരക്ഷണ മാതൃകകളും പുതുതലമുറയിലേക്ക് എത്തിക്കുക തുടങ്ങി നിരവധി സദുദ്ദേശ്യങ്ങളാണ് കേരള ഫോക്ലോര് അക്കാദമിക്ക് മുന്നിലുള്ളത്.

അക്കാദമിയിലെ മ്യൂസിയവും ഗാലറിയും കേവലം കാഴ്ചകള്‍ക്കപ്പുറം നമ്മുടെ വേരുകളെക്കുറിച്ചുള്ള വലിയൊരു തിരിച്ചറിവാണ് നല്‍കുന്നത്. അത്യപൂര്‍വ്വമായ തെയ്യക്കോലങ്ങള്‍, പടയണി വേഷങ്ങള്‍, വസ്ത്രങ്ങള്‍, പരമ്പരാഗത വാദ്യോപകരണങ്ങള്‍, ആഭരണങ്ങള്‍, പുരാതന ആയുധങ്ങള്‍, പാത്രങ്ങള്‍, മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങി കേരളത്തിന്റെ ചരിത്രവും നാട്ടുപൊലിമയും വിളിച്ചോതുന്ന വിപുലമായ ശേഖരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും നാടന്‍ കലകളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും പഠിക്കാനുമുള്ള മികച്ചൊരു പഠന കേന്ദ്രം കൂടിയാണിത്.
അന്യംനിന്നുപോകുന്ന സംസ്കാരത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കാനും നിലനിര്‍ത്താനുമുള്ള അക്കാദമിയുടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ശ്ലാഘനീയമാണ്. കൂടുതല്‍ ആളുകള്‍, പ്രത്യേകിച്ച് കുട്ടികളും യുവാക്കളും ഈ മ്യൂസിയവും ഗാലറിയും നേരിട്ട് സന്ദര്‍ശിക്കാനും നമ്മുടെ തനത് സംസ്കാരത്തെ അടുത്തറിയാനും മുന്നോട്ടുവരേണ്ടതുണ്ട്.
ഫോക്ലോര് അക്കാദമിയുടെ ഭാവിയിലെ എല്ലാ പദ്ധതികള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ വിജയവും വലിയ വളര്‍ച്ചയും ആശംസിക്കുന്നു!
കേരള ഫോക്ലോര് അക്കാദമിയെക്കുറിച്ച് ഈ വീഡിയോയിലൂടെ കൂടുതലറിയാം…
CONTACT DETAILS:
Kerala Folklore Akademy
Kizhakke Kovilakam
Chirakkal(PO), Kannur
PIN : 670011
Ph: +91 497 2778090
keralafolkloreacademy@gmail.com
www.keralafolklore.org
