ഫിദ-
കണ്ണൂര്‍: കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാനസര്‍വീസിനുകൂടി സാധ്യത. നിലവില്‍ ചൊവ്വാഴ്ച മൂന്ന് സര്‍വീസും മറ്റു ദിവസങ്ങളില്‍ രണ്ട് സര്‍വീസുമാണ് ഈ റൂട്ടിലുള്ളത്. ഗോ എയറാണ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുതുതായി സര്‍വീസ് നടത്താനൊരുങ്ങുന്നത്.
കമ്പനി പുതുതായി വാങ്ങുന്ന വിമാനങ്ങളിലൊന്ന് കണ്ണൂരിലെത്തിച്ച് തിരുവനന്തപുരത്തേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് തുടങ്ങാനാണ് പദ്ധതി. രാവിലെ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും അവിടെനിന്ന് തിരികെയെത്തിയ ശേഷം ഡല്‍ഹിയില്‍ പോയി മടങ്ങി കണ്ണൂരിലെത്തുകയും ചെയ്യുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിക്കുക. ഇതിന് അനുമതി ലഭിച്ചെങ്കിലും വിമാനം എത്താത്തതിനാലാണ് സര്‍വീസ് തുടങ്ങാന്‍ വൈകുന്നത്.
തിരുവനന്തപുരത്തേക്ക് ഇപ്പോള്‍ ഇന്‍ഡിഗോയുടെ ചെറുവിമാനങ്ങളാണുള്ളത്. 72 സീറ്റ് മാത്രമായതിനാല്‍ വന്‍ തിരക്കും വന്‍ നിരക്കുമാണ്. തിരുവനന്തപുരത്തേക്ക് രാവിലെ 9.50നും രാത്രി 8.55നുമാണ് സര്‍വീസ്. അവിടെനിന്നുള്ള വിമാനം ഉച്ചയ്ക്ക് 12.55നും രാത്രി 8.35നും കണ്ണൂരിലെത്തും. ചൊവ്വാഴ്ച മാത്രം കണ്ണൂരില്‍നിന്ന് ഉച്ചയ്ക്ക് 1.15 ന് അങ്ങോട്ടേക്ക് സര്‍വീസുണ്ട്. അത് തിരിച്ചെത്തുന്നത് വൈകുന്നേരം 4.30നാണ്.
ബംഗലൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കുമുള്ള ഓരോ സര്‍വീസ് ഗോ എയര്‍ ഒഴിവാക്കിയത് ആ റൂട്ടുകളില്‍ വലിയ പ്രശ്‌നമായിട്ടുണ്ട്. 180 സീറ്റുള്ള ഗോ എയര്‍ സര്‍വീസ് ഇല്ലാതായതോടെ മറ്റ് സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ വര്‍ധിച്ചു. ഏറ്റവും തിരക്കുള്ള ബംഗളൂരു റൂട്ടില്‍ രണ്ട് സര്‍വീസ് ഉണ്ടായിരുന്നതില്‍ ഒന്നാണ് ഗോ എയര്‍ തത്കാലത്തേക്ക് നിര്‍ത്തിയത്. ബംഗളൂരുവില്‍നിന്ന് രാവിലെ 7.40നുള്ള സര്‍വീസ് ഉച്ചയ്ക്കത്തേക്ക് മാറ്റിയതും യാത്രക്കാര്‍ക്ക് പ്രയാസമായി.
സൗദിയിലെ ദമാമിലേക്ക് സര്‍വീസ് തുടങ്ങുന്നതിനാല്‍ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനാലാണ് മൂന്ന് ആഭ്യന്തര സര്‍വീസ് നിര്‍ത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഡിസംബര്‍ 19ന് ദമാം സര്‍വീസ് തുടങ്ങുമെന്ന് അറിയിപ്പ് വരികയും ടിക്കറ്റ് ബുക്കിങ് തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍, സൗദി സര്‍ക്കാരില്‍നിന്നുള്ള അനുമതിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായതിനാല്‍ പിന്നീട് ടിക്കറ്റ് ബുക്കിങ് നിര്‍ത്തി.