ഓഹരി വിപണിയില്‍ ചരിത്രം കുറിക്കാന്‍ ജിയോ: 37,000 കോടിയുടെ മെഗാ ഐപിഒ ഉടന്‍!

ഓഹരി വിപണിയില്‍ ചരിത്രം കുറിക്കാന്‍ ജിയോ: 37,000 കോടിയുടെ മെഗാ ഐപിഒ ഉടന്‍!

മഹേഷ് മാധവ് കമ്മത്ത്-
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രം കുറിക്കാന്‍ പോകുന്ന ഒരു വന്‍ ‘ധനമഴയ്ക്ക്’ കളമൊരുങ്ങുകയാണ്. മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസ് രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക്  ഒക്ടോബര്‍ 21ഓടെ തുടക്കമിട്ടേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 37,000 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി.

2024ല്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കുറിച്ച 27,858.75 കോടി രൂപയുടെ റെക്കോര്‍ഡും, കഴിഞ്ഞ മാസം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് നേടിയ 22,562.71 കോടിയുടെ നേട്ടവുമെല്ലാം പഴങ്കഥയാക്കി പുതിയൊരു ചരിത്രം എഴുതാനാണ് ജിയോയുടെ ഈ പുറപ്പാട്.

ഐപിഒ വഴി ലഭിക്കുന്ന ഈ വന്‍ തുകയുടെ വലിയൊരു പങ്കും ടെലികോം വിഭാഗത്തിന്റെ കടം വീട്ടാനാണ് കമ്പനി മാറ്റിവെക്കുന്നത്. വെറുമൊരു ടെലികോം കമ്പനി എന്നതിനപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ്, ബിസിനസ് നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ തുടങ്ങിയ സാങ്കേതിക മേഖലകളിലും ശക്തമായ സാന്നിധ്യമുള്ള ജിയോയില്‍ മെറ്റ, ഗൂഗിള്‍ എന്നീ ആഗോള ഭീമന്മാര്‍ക്ക് വലിയ നിക്ഷേപമുണ്ട്. സര്‍െ്രെപസ് എന്തെന്നുവെച്ചാല്‍, ഈ ഐപിഒയില്‍ മെറ്റയും ഗൂഗിളും തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കില്ല. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ ജിയോയുടെ മൂല്യം കുതിച്ചുയരുമ്പോള്‍, അത് ഈ വിദേശ നിക്ഷേപകരുടെയും മൂല്യം വര്‍ദ്ധിപ്പിക്കും.

ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാനായി യു.എസ്, യു.കെ, ദുബായ്, സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ നടത്തിയ വന്‍ റോഡ്‌ഷോകള്‍ കഴിഞ്ഞദിവസമാണ് കമ്പനി പൂര്‍ത്തിയാക്കിയത്. റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയും റിലയന്‍സ് റീട്ടെയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനിയുമാണ് ഈ റോഡ്‌ഷോകള്‍ക്ക് നേതൃത്വം നല്‍കിയത്. ചുരുക്കത്തില്‍, വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ‘ജിയോ തരംഗം’ തന്നെ പ്രതീക്ഷിക്കാം!

Post Your Comments Here ( Click here for malayalam )
Press Esc to close