
ആയുര്‍വേദത്തില്‍ ഏറെ ഔഷധമൂല്യമുള്ള ജാതിക്ക ആരോഗ്യസൗന്ദര്യ സംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി കണ്ടെത്തല്‍. നീര്‍വീക്കം, സന്ധിവേദന, പേശിവേദന, വ്രണങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനായി പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന ജാതിക്ക മാനസിക സമ്മര്‍ദം കുറയ്ക്കാനും ഏറെ ഫലപ്രദമാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളി കരള്‍, വൃക്ക എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ തടയുന്നതിനും ജാതിക്കയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും സഹായിക്കുന്നു. ജാതിക്കയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന പ്രക്രിയയെ സുഗമമാക്കുമ്പോള്‍, 100 ഗ്രാം ജാതിക്കയില്‍ 2.9 ഗ്രാം എന്ന തോതില്‍ മാംഗനീസും അടങ്ങിയിട്ടുണ്ട്. ഇതിലുള്ള മസെലിഗ്‌നാന്‍ എന്ന സംയുക്തം ദന്തക്ഷയത്തെ ചെറുക്കുകയും ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ വിശേഷഗുണങ്ങള്‍ കാരണം വിവിധ ടൂത്ത് പേസ്റ്റുകളിലും ജാതിക്ക ഒരു പ്രധാന ചേരുവയായി ഉപയോഗിക്കുന്നുണ്ട്.