ആകാശത്ത് അത്ഭുതം! സെപ്റ്റംബര്‍ 4ന് കേരളത്തിന് മുകളിലൂടെ ഒരു ‘പറക്കും കൊട്ടാരം’: കാണാന്‍ മറക്കല്ലേ!

ആകാശത്ത് അത്ഭുതം! സെപ്റ്റംബര്‍ 4ന് കേരളത്തിന് മുകളിലൂടെ ഒരു ‘പറക്കും കൊട്ടാരം’: കാണാന്‍ മറക്കല്ലേ!

മഹേഷ് മാധവ് കമ്മത്ത്-

കൊച്ചി: സെപ്റ്റംബര്‍ 4 വൈകുന്നേരം കേരളത്തിന്റെ ആകാശത്ത് അപൂര്‍വ്വവും മനോഹരവുമായ ഒരു കാഴ്ചയൊരുങ്ങുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാം. വൈകിട്ട് 7:40 മുതല്‍ 7:46 വരെയുള്ള സമയത്താണ് ഈ അത്ഭുത കാഴ്ചയ്ക്ക് സാക്ഷിയാകാന്‍ കഴിയുക.

തെക്കുപടിഞ്ഞാറന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന നിലയം വൈകിട്ട് 7:45ഓടെ ഏറ്റവും വ്യക്തമായി (65-67 ഡിഗ്രി ഉയരത്തില്‍) കാണാനാകും.

വിമാനങ്ങളെപ്പോലെ മിന്നിമറയുന്ന ലൈറ്റുകള്‍ ഇതിലുണ്ടാകില്ല. മറിച്ച്, ആകാശത്തിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്ന, തുടര്‍ച്ചയായി പ്രകാശിക്കുന്ന തിളക്കമുള്ളൊരു വെളുത്ത നക്ഷത്രം പോലെയാണ് ഇത് ദൃശ്യമാകുക. സ്വന്തമായി വെളിച്ചമില്ലാത്ത നിലയത്തില്‍ സൂര്യപ്രകാശം പതിച്ച് പ്രതിഫലിക്കുന്നതുകൊണ്ടാണ് ഭൂമിയില്‍ ഇരുട്ടാകുമ്പോള്‍ ഇതിത്രയും തിളക്കത്തില്‍ കാണപ്പെടുന്നത്.

ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഓര്‍ബിറ്റില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. ദിവസം 16 തവണ ഭൂമിയെ വലംവെക്കുന്ന ഈ വിസ്മയം കാണാന്‍ ടെലിസ്‌കോപ്പോ ബൈനോക്കുലറോ ഒന്നും ആവശ്യമില്ല.

മഴയോ മേഘങ്ങളോ ഇല്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ കാഴ്ച എളുപ്പത്തില്‍ കണ്മുന്നിലെത്തും. തെരുവ് വിളക്കുകളുടെ വെളിച്ചവും ഉയര്‍ന്ന കെട്ടിടങ്ങളും ഇല്ലാത്ത തുറസ്സായ സ്ഥലത്തുനിന്ന് നോക്കിയാല്‍ കൂടുതല്‍ വ്യക്തത ലഭിക്കും.

സ്മാര്‍ട്ട്‌ഫോണുകളിലെ നൈറ്റ് മോഡ് സൗകര്യം ഉപയോഗിച്ച് ഇതിന്റെ ചിത്രങ്ങളും പകര്‍ത്തിയെടുക്കാം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ച് സമയത്തില്‍ ചില മിനിറ്റുകളുടെ വ്യത്യാസം വന്നേക്കാമെന്നതിനാല്‍, കൃത്യമായ ട്രാക്കിംഗിനായി നാസയുടെ NASA യുടെ https://www.nasa.gov/spot-the-station/#Tra-cker എന്ന Spot The Station Or https://isstracker.pl/ വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close