‘ഐ നോബഡി’ സിനിമയ്ക്ക് പൈറസി വിരുദ്ധ ‘ജോണ്‍ ഡോ (അശോക് കുമാര്‍)’ കോടതി ഉത്തരവ്

‘ഐ നോബഡി’ സിനിമയ്ക്ക് പൈറസി വിരുദ്ധ ‘ജോണ്‍ ഡോ (അശോക് കുമാര്‍)’ കോടതി ഉത്തരവ്

പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ പകര്‍പ്പവകാശം സംരക്ഷിക്കുന്നതിനായി ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി ജോണ്‍ ഡോ (അശോക് കുമാര്‍) ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കുവേണ്ടി അഡ്വ. സ്വേത ശ്രീധര്‍ ഹാജരായ ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് നല്‍കിയത്.

Original Application No. 684 of 2026, C.S. (Comm. Div.) No. 197 of 2026 എന്ന കേസിലാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. കുമരേഷ് ബാബു 2026 ജൂലൈ 8ന് ഉത്തരവ് പുറപ്പെടുവിച്ചത്.

ചിത്രത്തിന്റെ അനധികൃത ചിത്രീകരണം (കാംകോര്‍ഡിംഗ്), റെക്കോര്‍ഡിംഗ്, പകര്‍പ്പെടുക്കല്‍, അപ്‌ലോഡ്, പ്രക്ഷേപണം, വിതരണം, പങ്കുവെക്കല്‍ എന്നിവയുള്‍പ്പെടെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഈ ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്.

കോടതി ഉത്തരവ് ബാധകമാകുന്നവര്‍:

തിയേറ്ററുകളിലോ പ്രിവ്യൂ ഷോകളിലോ പ്രമോഷണല്‍ പ്രദര്‍ശനങ്ങളിലോ ചിത്രത്തിന്റെ അനധികൃത വീഡിയോ ചിത്രീകരണം അല്ലെങ്കില്‍ റെക്കോര്‍ഡിംഗ് നടത്തുന്നവര്‍.

കേബിള്‍ ഓപ്പറേറ്റര്‍മാര്‍, എം.എസ്.ഒ. (MSO), ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ (ISP), ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ പൈറേറ്റഡ് ഉള്ളടക്കം പ്രക്ഷേപണം ചെയ്യുകയോ, അറിയിപ്പ് ലഭിച്ചിട്ടും അത് തടയുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍.

പൈറേറ്റഡ് കോപ്പികള്‍ അപ്‌ലോഡ് ചെയ്യുകയോ ഹോസ്റ്റ് ചെയ്യുകയോ ലിങ്ക് നല്‍കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, ടോറന്റ് സൈറ്റുകള്‍, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍.

വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ പൈറേറ്റഡ് ലിങ്കുകളോ കോപ്പികളോ പ്രചരിപ്പിക്കുന്നവര്‍.

പൈറേറ്റഡ് DVD, VCD അല്ലെങ്കില്‍ മറ്റ് ഡിജിറ്റല്‍, ഭൗതിക പകര്‍പ്പുകള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവര്‍.

ലംഘനം കണ്ടെത്തുന്ന മുറയ്ക്ക് തന്നെ, പ്രത്യേക കോടതി ഉത്തരവുകള്‍ വാങ്ങേണ്ടതില്ലാതെ പൈറേറ്റഡ് വെബ്‌സൈറ്റുകള്‍, ലിങ്കുകള്‍, മറ്റ് ഉള്ളടക്കങ്ങള്‍ എന്നിവ ബ്ലോക്ക് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഈ ഉത്തരവ് നിര്‍മ്മാതാക്കള്‍ക്ക് അധികാരം നല്‍കുന്നുണ്ട്.

സിനിമാറ്റോഗ്രാഫ് ആക്ട്, 1952 (ഭേദഗതി ചെയ്ത പ്രകാരം), കോപ്പിറൈറ്റ് ആക്ട്, 1957, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 എന്നിവ പ്രകാരം സിനിമയുടെ പൈറസി, അനധികൃത ചിത്രീകരണം, പ്രക്ഷേപണം, വിതരണം എന്നിവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവും കനത്ത പിഴയും നഷ്ടപരിഹാരവും ഉള്‍പ്പെടെയുള്ള സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.

‘ഐ നോബഡി’ സിനിമയുടെ ഏതെങ്കിലും പൈറേറ്റഡ് അല്ലെങ്കില്‍ അനധികൃത പതിപ്പ് റെക്കോര്‍ഡ് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ ഹോസ്റ്റ് ചെയ്യുകയോ പങ്കുവെക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കെതിരെയും, ഗ്രൂപ്പുകള്‍ക്കെതിരെയും, വെബ്‌സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും മറ്റ് സേവനദാതാക്കള്‍ക്കുമെതിരെയും യാതൊരു വിട്ടുവീഴ്ചയും കൂടാതെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ചിത്രവുമായി ബന്ധപ്പെട്ട പൈറസി ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും, തിയേറ്റര്‍ ഉടമകളും, സിനിമാ മേഖലയിലെ സംഘടനകളും, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ നിര്‍മ്മാതാക്കളെയോ അധികാരികളെയോ അറിയിച്ച് സഹകരിക്കണമെന്നും നിര്‍മ്മാതാക്കള്‍ അഭ്യര്‍ഥിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close