
ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് രാജ്യത്തെ ജൂലൈ മാസത്തിലെ ചില്ലറവില്‍പ്പന പണപ്പെരുപ്പത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിലെ 4.38 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 4.45 ശതമാനമായാണ് ഉയര്‍ന്നത്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 5.32 ശതമാനത്തില്‍ നിന്ന് 5.52 ശതമാനത്തിലേക്ക് ഉയര്‍ന്നതാണ് പണപ്പെരുപ്പം വീണ്ടും വര്‍ധിക്കാന്‍ പ്രധാന കാരണമായത്.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം കൂടുതല്‍ രൂക്ഷമായത്. ഗ്രാമീണ മേഖലയില്‍ പണപ്പെരുപ്പം 4.84 ശതമാനമായി രേഖപ്പെടുത്തിയപ്പോള്‍ നഗരങ്ങളില്‍ ഇത് 3.96 ശതമാനമാണ്. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ തെലങ്കാനയിലാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് (6.32 ശതമാനം). ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന സംസ്ഥാനങ്ങള്‍.
അത്യാവശ്യ ഭക്ഷ്യവസ്തുക്കളില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയുടെ വിലയിലുണ്ടായ വന്‍ വര്‍ധനവും സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില ഉയര്‍ന്നതും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. എന്നാല്‍ ഉരുളക്കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക, പച്ചപ്പട്ടാണി എന്നിവയുടെ വിലയില്‍ കുറവ് രേഖപ്പെടുത്തിയത് നേരിയ ആശ്വാസമായിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ് നിലവിലെ പണപ്പെരുപ്പ നിരക്ക്. വരും മാസങ്ങളിലെ മണ്‍സൂണ്‍ മഴ ലഭ്യതയും കാര്‍ഷിക ഉല്‍പ്പാദനവും അനുസരിച്ചായിരിക്കും ഇനി വരുന്ന ദിനങ്ങളിലെ വിപണിയിലെ വിലനിലവാരം നിര്‍ണ്ണയിക്കപ്പെടുക.