
രാംനാഥ് ചാവ്‌ല-
മുംബൈ: ഗ്രാമീണമേഖലയില്‍ ഉപഭോഗം കുറയുന്നത് ഉപഭോക്തൃ ഉത്പന്ന വിപണിയെ കാര്യമായി ബാധിക്കുന്നെന്ന് പഠനം. പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ നീല്‍സണ്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍, ജൂണ്‍ കാലയളവില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ ഉത്പന്ന വിപണി യുടെ വളര്‍ച്ച പത്തു ശതമാനത്തിലേക്കു താഴ്ന്നു. 2018 ജൂലായ്‌സെപ്റ്റംബര്‍ കാലത്ത് 16.2 ശതമാനമായിരുന്ന സ്ഥാനത്താണിത്.
2019ല്‍ ആദ്യ ആറുമാസം മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച 12 ശതമാനം മാത്രമാണ്. 13 മുതല്‍ 14 വരെ ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. പുതിയ കണക്കനുസരിച്ച് 2019 ല്‍ ഒമ്പതു മുതല്‍ 10 ശതമാനം വരെയായിരിക്കും ഈ രംഗത്തെ വളര്‍ച്ചനിരക്കെന്ന് നീല്‍സണ്‍ ദക്ഷിണേഷ്യ മേധാവി സുനില്‍ ഖിയാനി പറഞ്ഞു. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പത്തു മുതല്‍ 11 ശതമാനം വരെ വളര്‍ച്ചയുണ്ടാകും. എന്നാല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ഏഴുമുതല്‍ എട്ടു ശതമാനംവരെ മാത്രമായിരിക്കും വില്‍പ്പന വളര്‍ച്ച. അളവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ജനുവരി മാര്‍ച്ച് കാലത്തെ 9.9 ശതമാനത്തില്‍നിന്ന് 6.2 ശതമാനത്തിലേക്കാണ് ഇടിവ്.
ക്രമം തെറ്റിയ കാലവര്‍ഷം, വരള്‍ച്ച, കൃഷിനാശം, സര്‍ക്കാര്‍ സഹായവിതരണത്തിലെ പാളിച്ചകള്‍, ജി.ഡി.പി. വളര്‍ച്ച കുറയുന്നത്, ജി.എസ്.ടി. നടപ്പാക്കല്‍
ചെറുകിട ഉത്പാദകരെ വിപണിയിലെ മാറ്റങ്ങള്‍ വലിയ അളവില്‍ ബാധിച്ചു. ഇടിവിന്റെ 50 ശതമാനവും ഇത്തരം ചെറുകിടക്കാര്‍ക്കാണ് ഉണ്ടായിരിക്കുന്നത്. ജി.എസ്.ടി. നടപ്പാക്കിയ ശേഷം ചെറുകിട ഉത്പാദകരുടെ വിതരണത്തില്‍ വലിയ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.
വിതരണക്കാര്‍ ഇടപാടിനായി കൂടുതലും പണത്തെയാണ് ആശ്രയിച്ചിരുന്നത്. തെരഞ്ഞെടുപ്പുകാലത്ത് അധികം പണം കൊണ്ടുനടക്കാനാവുമായിരുന്നില്ല. ഇത് വില്‍പ്പന കുറയാന്‍ കാരണമായി.
ഉപഭോക്തൃ ഉത്പന്ന വിപണിയുടെ 37 ശതമാനം ഗ്രാമീണമേഖലയിലാണ്. കാര്‍ഷികമേഖലയിലെ തിരിച്ചടികള്‍ ആളുകളുടെ വരുമാനം കുറച്ചു. ഇത് വാങ്ങല്‍ശേഷിയെ ബാധിച്ചിട്ടുണ്ട്. ആകെ മൂന്നു ലക്ഷം കോടി രൂപ വരുന്നതാണ് രാജ്യത്തെ ഉപഭോക്തൃ ഉത്പന്ന വിപണി.
രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങളെയാണ് മാന്ദ്യം കൂടുതല്‍ പിടികൂടിയിരിക്കുന്നത്. ഹരിയാണ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. വരുമാനം കുറഞ്ഞതോടെ ആളുകള്‍ ചെലവുചുരുക്കലിലേക്ക് നീങ്ങിയതും മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.