
ന്യൂഡല്‍ഹി: ഇന്ത്യ ഭാവി സാങ്കേതികവിദ്യകള്‍ സ്വീകരിച്ച് നവീകരണരംഗത്ത് ധീരമായി മുന്നേറണമെന്നും, അതിലൂടെ ലോകത്തിന് തന്നെ മാതൃകയാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ശാസ്ത്ര, സാങ്കേതിക, നവീകരണ സമ്മേളനത്തില്‍ (ESTIC-2026) സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ചിന്തകളും ആത്മവിശ്വാസവുമാണ് ഇന്നത്തെ ഇന്ത്യയുടെ കരുത്ത്. രാജ്യത്തിന്റെയും ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കായി പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും നയിക്കുകയുമാണ് നമ്മള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മ്മിത ബുദ്ധി (AI) ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെങ്കിലും മനുഷ്യന്റെ സ്വതന്ത്രമായ ചിന്താശേഷിയെ പരിമിതപ്പെടുത്താന്‍ ഇടവരരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മനുഷ്യന്റെ മനസ്സിലാക്കാനും പുതിയ ആശയങ്ങള്‍ രൂപീകരിക്കാനുമുള്ള കഴിവ് കൂട്ടാനാവണം സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്. കൂടാതെ, സാമ്പത്തിക മേഖലയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകുന്ന സൈബര്‍ സുരക്ഷാ വെല്ലുവിളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും, എഐ അധിഷ്ഠിത ഭീഷണികളെ ചെറുക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൂജ്യത്തിന്റെ കണ്ടെത്തലും ജ്യോതിശാസ്ത്ര മികവുമൊക്കെയായി എന്നും അറിവിനെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് ഇന്ത്യയുടേത്. ആ ശാസ്ത്രീയ പൈതൃകത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷണ മേഖലയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.