രാംനാഥ് ചാവ്‌ല-
മുംബൈ: ചേരിയില്‍ കഴിയുന്ന ദിവസക്കൂലിക്കാരന് 1.05 കോടി രൂപയുടെ ആദായനികുതി നോട്ടീസ്. എന്തു ചെയ്യണമെന്നറിയാതെ പോലീസിനെ സമീപിച്ചിരിക്കുകയാണ് ഭാവുസാഹേബ് അഹിരേ. നോട്ടുനിരോധന സമയത്ത് അഹിരേയുടെ അക്കൗണ്ടില്‍ 58 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ആദായനികുതി വകുപ്പ് നോട്ടീസയച്ചത്.
മതിയായ രേഖകളില്ലാതെ നിക്ഷേപിച്ച പണത്തിനുള്ള നികുതിയായി 1.05 കോടി രൂപ അടയ്ക്കാനാണ് നിര്‍ദേശം. മുംബൈക്കടുത്ത് ആംബിവ്‌ലിയില്‍ ഭാര്യാപിതാവിന്റെ കുടിലില്‍ താമസിക്കുന്ന അഹിരേ പറയുന്നത് ദിവസം 300 രൂപ മാത്രമാണ് തന്റെ കൂലിയെന്നാണ്. സ്വകാര്യബാങ്കില്‍ തന്റെ പേരില്‍ മറ്റാരോ തുടങ്ങിയ വ്യാജ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കപ്പെട്ടതെന്നും അതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അഹിരേ പറയുന്നു. നികുതിയടക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് അഹിരേക്ക് ആദ്യം നോട്ടീസ് ലഭിക്കുന്നത്. അതേത്തുടര്‍ന്ന് ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പാന്‍ ഉപയോഗിച്ചാണ് അക്കൗണ്ട് തുടങ്ങിയത് എന്ന് വ്യക്തമായിരുന്നു. എന്നാല്‍, വേറെയാളുടെ ഫോട്ടോയും ഒപ്പുമാണ് ഉപയോഗിച്ചത്. 1.05 കോടി രൂപ നികുതിയടയ്ക്കണമെന്ന നോട്ടീസ് ജനുവരി ഏഴിനാണ് ലഭിച്ചത്. അഹിരേയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.