ഐഡിബിഐ ബാങ്കില്‍ വന്‍ തന്ത്രപ്രധാന മാറ്റം: കാനഡയിലെ ഫെയര്‍ഫാക്‌സ് പ്രധാന ഓഹരി ഉടമയാകുന്നു

ഐഡിബിഐ ബാങ്കില്‍ വന്‍ തന്ത്രപ്രധാന മാറ്റം: കാനഡയിലെ ഫെയര്‍ഫാക്‌സ് പ്രധാന ഓഹരി ഉടമയാകുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടുകളിലൊന്നിനും നിര്‍ണ്ണായകമായ തന്ത്രപ്രധാന പുനഃസംഘടനയ്ക്കുമാണ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയത്. കാനഡയിലെ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് 52,878.08 കോടി രൂപ മുടക്കി ഐഡിബിഐ ബാങ്കിന്റെ 60.72% ഓഹരികള്‍ സ്വന്തമാക്കും.

കേന്ദ്ര സര്‍ക്കാരിന്റെ 30.48 ശതമാനവും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) 30.42 ശതമാനവും ഓഹരികളാണ് ഫെയര്‍ഫാക്‌സ് വാങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.

ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍ ഒപ്പുവെച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍, തങ്ങള്‍ക്ക് നിലവില്‍ 40% ഓഹരി പങ്കാളിത്തമുള്ള സിഎസ്ബി ബാങ്കിലെ നിക്ഷേപം അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ ബാങ്കിനെ ഇതില്‍ ലയിപ്പിക്കുകയോ ചെയ്യണമെന്ന് ഫെയര്‍ഫാക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടിനു ശേഷം അഞ്ച് വര്‍ഷത്തേക്ക് ലോക്ക്ഇന്‍ പിരീഡ് ഉണ്ടായിരിക്കും. അതിനുശേഷമുള്ള 15 വര്‍ഷത്തിനുള്ളില്‍ പ്രൊമോട്ടര്‍ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കണമെന്ന റിസര്‍വ് ബാങ്ക് മാനദണ്ഡം പാലിക്കാന്‍ ഫെയര്‍ഫാക്‌സ് ഘട്ടംഘട്ടമായി ഓഹരികള്‍ വിറ്റഴിക്കേണ്ടിവരും. കരാറിനു ശേഷം ന്യൂനപക്ഷ ഓഹരി ഉടമകള്‍ക്കായി ഓപ്പണ്‍ ഓഫര്‍ നല്‍കാനും ഫെയര്‍ഫാക്‌സിന് ബാധ്യതയുണ്ട്.

ആര്‍ബിഐയുടെ അനുമതികള്‍ വേഗത്തില്‍ ലഭിക്കുമെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും ദിപാം (DIPAM) സെക്രട്ടറി അരുണിഷ് ചൗള വ്യക്തമാക്കി. പ്രേം വത്സയുടെ നേതൃത്വത്തിലുള്ള ഫെയര്‍ഫാക്‌സിന് കരാര്‍ ഒപ്പിട്ട് മൂന്ന് വര്‍ഷത്തേക്ക് ഐഡിബിഐയുടെ ബ്രാന്‍ഡ് നാമവും ലോഗോയും ഉപയോഗിക്കാന്‍ അനുവാദമുണ്ടാകും.

ഇതൊരു തന്ത്രപ്രധാനമായ ഓഹരി വിറ്റഴിക്കലായി കാണേണ്ടതില്ലെന്നും, സര്‍ക്കാരും എല്‍ഐസിയും നിക്ഷേപകരായി തുടരുന്നതിനാല്‍ ബാങ്കിന്റെ പുനഃസംഘടനയായി കാണണമെന്നുമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടത്. വില്‍പനയ്ക്ക് ശേഷവും എല്‍ഐസിക്ക് 19 ശതമാനവും കേന്ദ്രസര്‍ക്കാരിന് 15 ശതമാനവും ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. എല്‍ഐസി ഹൗസിങ് ഫിനാന്‍സ് വഴിയുള്ള ഭവന വായ്പാ വിപണിയിലെ പങ്കാളിത്തം നിലനിര്‍ത്താന്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എല്‍ഐസി ബാങ്കിലെ ഓഹരി പങ്കാളിത്തം 15 ശതമാനമായി കുറയ്ക്കണം. ഇതോടെ ബാങ്കിലെ പബ്ലിക് ഷെയര്‍ഹോള്‍ഡറായി എല്‍ഐസി മാറും.

സര്‍ക്കാരിനും എല്‍ഐസിക്കും കൂടി ബാങ്കില്‍ 30 ശതമാനത്തോളം നിക്ഷേപം ഉണ്ടാവുമെങ്കിലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇവര്‍ക്ക് പ്രതിനിധികളുണ്ടാകില്ല. പുതിയ പ്രൊമോട്ടര്‍മാര്‍ വരുമ്പോള്‍ ബാങ്കിന്റെ ബോര്‍ഡില്‍ നിന്നും ഒഴിയുമെന്നും ഭാവിയില്‍ സാമ്പത്തിക ബാധ്യതകളൊന്നും തങ്ങള്‍ക്ക് ഉണ്ടാകില്ലെന്നും അരുണിഷ് ചൗള കൂട്ടിച്ചേര്‍ത്തു. മാനേജ്‌മെന്റ് മാറ്റത്തില്‍ ജീവനക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, ഐഡിബിഐ ബാങ്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ബോര്‍ഡ് നിയന്ത്രിക്കുന്ന ബാങ്കാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ബന്ധപ്പെട്ട എല്ലാവരുമായും തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തി ആശങ്കകള്‍ പരിഹരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close