ഹെനോക്ക് (HENOK) ദിലീപ് ചിത്രം ആരംഭിച്ചു

ഹെനോക്ക് (HENOK) ദിലീപ് ചിത്രം ആരംഭിച്ചു

ദിലീപ് ഫൊറന്‍സിക് സര്‍ജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (HENOK) ആലപ്പുഴയില്‍ ആരംഭിച്ചു.

ഉല്ലാസ് കൃഷ്ണ കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു. ആലപ്പുഴ കല്ലുപാലത്ത് തിരുവതാംകൂര്‍ സഹോദരിമാരായ ലളിത പത്മിനി രാഗിണി മാരുടെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്.

ദിലീപും, മറ്റ് അഭിനേതാക്കളും, അണിയറപ്രവര്‍ത്തകരും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.
പ്രശസ്ത നിര്‍മ്മാതാവ് ജോബി ജോര്‍ജ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

The man in the mist. എന്ന അടിക്കുറപ്പോടെയാണ് ഈ ചിത്രമെത്തുന്നത്. ഹെനോക് എന്ന ബൈബിള്‍ വാക്കിനെ അനുസ്മരിപ്പിക്കുന്നത് ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവന്‍ എന്നതാണ്.

ഈ ചിത്രത്തിലെ ഫൊറന്‍സിക് സര്‍ജന്‍ ദൈവത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ എന്തെല്ലാം നീതിയാണ് ലഭിക്കുന്നത്?
നിഗൂഢത നിറഞ്ഞ കഥാ പശ്ചാത്തലവും, ഉദ്വേഗം നിറഞ്ഞ അന്വേഷണവുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നതെന്നാണ് ടൈറ്റില്‍ സൂചിപ്പിക്കുന്നത്.
തുടക്കം മുതല്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലൂടെ സഞ്ചരിക്കുകയാണ് ഈ ചിത്രം.
കഥയുടെ കെട്ടുറപ്പിലും പുതുമയിലും അവതരണ മികവും കൊണ്ട് വേറിട്ട ഒരു ദൃശ്യാനുഭവം പ്രേഷകര്‍ക്കു സമ്മാനിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ഉല്ലാസ് കൃഷ്ണ.

പുഷ്പകവിമാനമെന്ന ആദ്യ ചിത്രത്തിലൂടെ തന്റെ കൈയ്യൊപ്പു പതിപ്പിച്ച ഉല്ലാസ് കൃഷ്ണ ഇക്കുറി വലിയ ക്യാന്‍വാസ്സിലേക്കു നീങ്ങുകയാണ്.
വലിയ താരനിരയുടെ അകമ്പടിയോടെ യെത്തുന്ന ഈ ചിത്രം വലിയ മുതല്‍ മുടക്കിലാണെത്തു
ന്നത്.

ആലപ്പുഴ, കുട്ടനാട്, പൂനെ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.
റോബിനും ഉല്ലാസ് കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോണി ആന്റണി, എമില്‍ ജോര്‍ജ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, പ്രാര്‍ത്ഥന എസ്., ശ്രുതി ജയന്‍, ഷാജു ശ്രീധര്‍, രഘുനാഥ് പലേരി, നിസ്താര്‍ സെയ്ത്, പ്രമോദ് വെളിയനാട്, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, ആശാ മഠത്തില്‍ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എമില്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍: ദീപക് എ. നാരായണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്: നന്ദു, ഡിജിറ്റല്‍ പ്രമോഷന്‍സ്: അനൂപ് സുന്ദരന്‍, വേഫറര്‍ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close