
അളക ഖാനം
കൊച്ചി: ചരക്കുസേവന നികുതി കുറച്ചെന്ന് കരുതി ആരും ആശ്വാസം കണ്ടെത്തേണ്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. പുതിയ പ്രശ്‌നങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ഇത്തരത്തില്‍ പ്രതികരിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നയം കോര്‍പ്പറേറ്റുകളെ പിണക്കേണ്ട എന്നതാണ് . അതുകൊണ്ട് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന നികുതിയിളവ് ജനങ്ങളുടെ മേലുള്ള ഭാരത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. ഇപ്പോള്‍ തന്നെ നികുതിവരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ കുറവ് നികത്താന്‍ കേന്ദ്രം പിരിക്കുന്ന നഷ്ടപരിഹാര സെസ് കഷ്ടിച്ചേ തികയുന്നുള്ളൂ . ജനങ്ങളെ സംബന്ധിച്ചിടത്തോളം നികുതി ഭാരത്തില്‍ കുറവല്ല, വര്‍ദ്ധനയാണ്. അത്രക്ക് കൊള്ളലാഭമാണ് കമ്പനികളും കച്ചവടക്കാരും എടുക്കുന്നത് . ഇവരുടെ മേല്‍ എന്തെങ്കിലും നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും ഐസക് പറഞ്ഞു. കേരളത്തില്‍ ‘വാറ്റ്’ നികുതിയില്‍ നിന്നുള്ള വരുമാനത്തിന്റെ 80 ശതമാനവും ലഭിച്ചു കൊണ്ടിരുന്നത് 14.5 ശതമാനം വരുന്ന നികുതി നിരക്കില്‍ നിന്നായിരുന്നു. ഇപ്പോള്‍ ആ നികുതി വിഹിതം കിട്ടുക 28 ശതമാനം വരുന്ന ജി.എസ്.ടി നിരക്കില്‍ നിന്നാണ് . അതിന്റെ പകുതി കേന്ദ്രത്തിനുള്ളതാണ് . ജി.എസ്.ടി സമ്പ്രദായത്തില്‍ ഇരുപത്തിയെട്ടു ശതമാനം നിരക്കിലുള്ള ചരക്കുകളില്‍ നിന്നും ലഭിക്കുന്ന വിഹിതം ഏതാണ്ട് മൂന്നില്‍ ഒന്നായി കുറയും, കാരണം ആ നികുതി നിരക്കുകളില്‍ ഉള്ള ചരക്കുകളുടെ എണ്ണം അമ്പത് മാത്രമാണ്. നികുതിയിളവ് മുഴുവന്‍ കമ്പനികളുടെയും കച്ചവടക്കാരുടെയും കൊള്ളലാഭം ആവുകയും ചെയ്തു. കേരള സര്‍ക്കാര്‍ 636 ബ്രാന്‍ഡ് ചരക്കുകളെ കുറിച്ച് വിശദമായ പഠനം നടത്തി. കേവലം163 ചരക്കുകളുടെ കാര്യത്തില്‍ മാത്രമാണ് നികുതിയിളവ് ഭാഗീകമായെങ്കിലും ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുള്ളൂ വെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.