
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ തട്ടകത്തില്‍ വീണ്ടുമൊരു വന്‍ അട്ടിമറി! ഫോബ്‌സ് ഇന്ത്യയുടെ പുതിയ അതിസമ്പന്ന പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വീണ്ടും ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവിലയിലുണ്ടായ ഇടിവാണ് അംബാനിക്ക് തിരിച്ചടിയായത്. 8,630 കോടി ഡോളറിന്റെ (ഏകദേശം 8.31 ലക്ഷം കോടി രൂപ) ആസ്തിയുമായി അംബാനി ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 3,980 കോടി ഡോളറുമായി (3.83 ലക്ഷം കോടി രൂപ) ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാലാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തിളങ്ങിനില്‍ക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ 100 അതിസമ്പന്നരുടെ ആകെ ആസ്തി കൂട്ടിനോക്കിയാല്‍ വാനോളമുയരും — ഭീമമായ ഒരു ലക്ഷം കോടി ഡോളര്‍!
ഇനി മലയാളിപ്പെരുമയുടെ കണക്കുകള്‍ നോക്കുകയാണെങ്കില്‍, മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ നാല് പ്രൊമോട്ടര്‍മാര്‍ അടങ്ങുന്ന കുടുംബമാണ് കൂട്ടത്തില്‍ മുന്നില്‍. 920 കോടി ഡോളറാണ് (88,614 കോടി രൂപ) ഇവരുടെ ആകെ ആസ്തി.
ഒരു വ്യക്തി എന്ന നിലയില്‍ നോക്കിയാല്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തന്നെയാണ് മലയാളികളിലെ ‘ബിഗ് ബോസ്’. 575 കോടി ഡോളറാണ് (55,384 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.
