
മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഗോവ ആസ്ഥാനമായുള്ള ഫ്‌ളൈ91 (Fly91) വിമാനക്കമ്പനി വമ്പന്‍ വികസന കുതിപ്പിനൊരുങ്ങുന്നു. യൂറോപ്യന്‍ വിമാന നിര്‍മാതാക്കളായ എടിആറുമായി (ATR) 40 ‘എടിആര്‍ 72600’ ടര്‍ബോ പ്രോപ് മോഡല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കമ്പനി കരാറൊപ്പിട്ടു. ഏകദേശം 8,300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാര്‍, ഒരു ഇന്ത്യന്‍ വിമാനക്കമ്പനി എടിആറുമായി നടത്തുന്ന ഏറ്റവും വലിയ ഇടപാടാണ്.
2024ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ളൈ91 നിലവില്‍ 6 വിമാനങ്ങള്‍ ഉപയോഗിച്ച് 12 നഗരങ്ങളിലേക്ക് 260 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ അടുത്ത വര്‍ഷം അവസാനത്തോടെ എത്തിത്തുടങ്ങും. ഇതിനുമുമ്പായി എട്ട് വിമാനങ്ങള്‍ കൂടി പാട്ടത്തിനെടുത്ത് സര്‍വീസ് വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ആകെ വിമാനങ്ങളുടെ എണ്ണം 60 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.
എയര്‍ബസും ലിയോനാര്‍ഡോയും ചേര്‍ന്ന സംയുക്ത സംരംഭമായ എടിആര്‍, 90ല്‍ താഴെ സീറ്റുകളുള്ള ചെറു വിമാനങ്ങളാണ് നിര്‍മിക്കുന്നത്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത ചെറിയ റണ്‍വേകളിലും ലാന്‍ഡ് ചെയ്യാന്‍ ശേഷിയുള്ളവയാണ് 72 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ‘എടിആര്‍ 72600’ മോഡലുകള്‍. ചെറുനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രകള്‍ക്ക് ഇവ ഏറെ അനുയോജ്യമാണ്.