അളക ഖാനം-
അബൂദബി: കൊടുംചൂടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മല്‍സ്യബന്ധനം കുറഞ്ഞതും ഗര്‍ഗൂര്‍ ഫിഷിംഗ് നെറ്റ് ഉപയോഗം നിരോധിച്ചതും യു.എ.ഇയിലെ മത്സ്യവില ഗണ്യമായി ഉയരാന്‍ കാരണമാകുന്നു. വേനല്‍ ചൂടില്‍ യന്ത്ര ബോട്ടുകളില്‍ മാത്രം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകാനാവൂ എന്നതിനൊപ്പം ചൂണ്ടയും ചെറിയ വലകളും മാത്രം ഉപയോഗിച്ചു മാത്രം മീന്‍ പിടിക്കാനെ ഈ സീസണില്‍ അനുവാദമുള്ളൂ എന്നതും മല്‍സ്യ ലഭ്യത കുറയാന്‍ കാരണമായി.
പുറംകടലില്‍ വലിയ മല്‍സ്യബന്ധന ബോട്ടുകളില്‍ ഗര്‍ഗൂര്‍ കൂടുകള്‍ വെള്ളത്തിലിറക്കി മല്‍സ്യം പിടിക്കാന്‍ ഈ സീസണില്‍ അനുവാദമില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സ്പീഡ് ബോട്ടുകളില്‍ ചൂണ്ടയും പ്രത്യേക വടിയുമൊക്കെ ഉപയോഗിച്ചാണ് ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നത്. സമുദ്ര മേഖലയിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. സമുദ്ര ഉപരിതലങ്ങളില്‍ ഈ സീസണില്‍ മല്‍സ്യങ്ങളെത്തുന്നതും വിരളം. ഉപരിതലങ്ങളില്‍ ഉയര്‍ന്നതോതില്‍ സൂര്യതാപം അനുഭവപ്പെടുന്നതിനാലാവാം കടലിനടിയിലേക്ക് കൂട്ടത്തോടെ മല്‍സ്യങ്ങള്‍ ഊളിയിടുന്നത്. കാലാവസ്ഥ മാറിയാലെ ഉപരിതലത്തിലേക്ക് മല്‍സ്യങ്ങള്‍ മടങ്ങി എത്തുകയുള്ളു.
രണ്ട് മാസം മുമ്പ് കിലോ 45 ദിര്‍ഹം വിലയുണ്ടായിരുന്ന ഹാമൂര്‍ മല്‍സ്യത്തിന് അബൂദബി മിന മാര്‍ക്കറ്റിലെ പ്രാദേശിക മീന്‍ വില്‍പന സ്റ്റാളില്‍ ഇന്നലത്തെ വില കിലോക്ക് 65 ദിര്‍ഹമായിരുന്നു. ചെമ്മീനുകള്‍ക്ക് മാത്രമാണിപ്പോള്‍ മറ്റു മല്‍സ്യങ്ങളേക്കാള്‍ വില കുറവ്. ഒമാനില്‍ നിന്നെത്തുന്ന മല്‍സ്യങ്ങള്‍ കൂടുതലായി വില്‍പന നടത്തുന്ന മിന മല്‍സ്യ മാര്‍ക്കറ്റിലെ കടകളില്‍ ഇന്നലെ ഒരു കിലോഗ്രാം ഹാമൂറിന് 40 ദിര്‍ഹമായിരുന്നു വില. ഷേരി 30, ഞണ്ട് 20, സീബ്രീം 25, സുല്‍ത്താന്‍ ഇബ്രാഹിം 20, അയ്ക്കൂറ 30, ചെമ്മീന്‍ മീഡിയം 25, വലുത് 40, കൊഞ്ച് 100, ഷാഫി 10 ദിര്‍ഹം എന്നിങ്ങനെയായിരുന്നു കിലോഗ്രാമിനുള്ള വില്‍പന വില.
എന്നാല്‍ അബുദാബിയിലെ പ്രാദേശിക സമുദ്ര മേഖലകളില്‍ നിന്നുള്ള മല്‍സ്യം മാത്രം വില്‍ക്കുന്ന കടയില്‍ ഇതിനേക്കാള്‍ വില കൂടുതലാണ്. ഫ്രഷ് മല്‍സ്യം എന്നതാണ് ഇതിനുകാരണമായി മല്‍സ്യ വ്യാപാരികള്‍ പറയുന്നത്. ഇവിടെ കിലോഗ്രാമിന് ഹാമൂര്‍ 65, സ്രാവ് 33, അയ്ക്കൂറ 50, ഷേരി 38, ജെഷ് 40, മുര്‍ജാന്‍ അഥവാ ചെമ്പല്ലി 40, സുറൈദി 60, ബിയ അഥവാ കണമ്പ് 45, സാഫി 45, ഞണ്ട് 38, നഗര്‍ 30, നെയ്‌സര്‍ 10 എന്നിങ്ങനെയായിരുന്നു ഫ്രഷ് മല്‍സ്യക്കടയിലെ വില.
മീഡിയം സൈസിലുള്ള കുബാബ് എന്ന ചൂര മല്‍സ്യം ഒരെണ്ണത്തിന് 95 ദിര്‍ഹമാണിവിടത്തെ വില. ജീവനുള്ള വലിയ കക്ക 20 ദിര്‍ഹമാണ് വില. ജീവനുള്ള കക്ക കഴുകി വെള്ളമൊഴിച്ച് തിളപ്പിച്ച് ചൂടില്‍ കക്കവിടരുമ്പോള്‍ പ്രത്യേക മസാലകളിട്ടാണ് അറബികള്‍ വെള്ളത്തോടെ സേവിക്കുന്നത്.
മിന ഫിഷ് മാര്‍ക്കറ്റിലെ ഉണക്കമീന്‍ കടകളിലും വേനല്‍ച്ചൂട് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ ഇറാനില്‍ നിന്നെത്തുന്ന ഉണക്ക ചെമ്മീപ്പരിപ്പിന് കിലോഗ്രാമിന് 60 ദിര്‍ഹമാണ് വില. ഒമാനില്‍ നിന്നെത്തുന്ന ഉണക്ക സ്രാവിന് കിലോ ഗ്രാമിന് 25 ദിര്‍ഹവും ഫുജൈറയില്‍ നിന്നുള്ള ഉണക്ക സ്രാവിന് 22 ദിര്‍ഹവുമാണ് വില.