ഫിലിം റൈറ്റേഴ്‌സ് യൂണിയന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സീസണ്‍ 1 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഫിലിം റൈറ്റേഴ്‌സ് യൂണിയന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സീസണ്‍ 1 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഫിലിം റൈറ്റേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2026 സീസണ്‍ 1ന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ ബ്ലെസി അധ്യക്ഷനായ ജൂറിയാണ് വിവിധ വിഭാഗങ്ങളിലായി 16 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകരായ ജീത്തു ജോസഫ്, ആന്‍വര്‍ റഷീദ്, തരുണ്‍ മൂര്‍ത്തി, ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘കോവര്‍ട്ടി’ നേടി. ‘ഓപ്പോണന്റ്’ രണ്ടാം മികച്ച ചിത്രമായും ‘പ്രേമ പലഹാരം’ മികച്ച വിനോദമൂല്യമുള്ള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ‘ഓപ്പോണന്റ്’ എന്ന ചിത്രത്തിലൂടെ ആമോസ് ടി.ജി. മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘കോവര്‍ട്ടി’യുടെ തിരക്കഥയ്ക്കാണ് വിമല്‍ ഗോപാലകൃഷ്ണനും രോഹിന്‍ രവീന്ദ്രന്‍ നായരും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത്. ‘മേയ് ഡേ’ എന്ന ചിത്രത്തിലൂടെ ശരത് അങ്കാട് മികച്ച കഥയ്ക്കുള്ള അംഗീകാരം നേടി.

മികച്ച ഛായാഗ്രാഹകരായി ‘കോവര്‍ട്ടി’യിലെ സന്ദീപ് എസ്., സുനില്‍ ആര്‍. ബോര്‍ക്കര്‍ എന്നിവരും, മികച്ച എഡിറ്ററായി ‘പ്രേമ പലഹാരം’ ചിത്രത്തിലെ ആഷിഷ് ഉണ്ണികൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. ‘ഓപ്പോണന്റ്’ എന്ന ചിത്രത്തിലെ കിഷോര്‍ റോഷിക് മികച്ച നടനായും ‘കോവര്‍ട്ടി’യിലെ രജിഷ് വിജയന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘ചിക്കന്‍ കറി’യിലെ അനികേത് അനൂപിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങളില്‍ ‘പ്രേമ പലഹാരം’ എന്ന ചിത്രത്തിന് നസീം സാബ മികച്ച സംവിധാനത്തിനും, ‘മേയ് ഡേ’യ്ക്ക് ശരത് അങ്കാട് മികച്ച തിരക്കഥയ്ക്കും അര്‍ഹനായി. ‘KL 13 ഒരു മെറ്റഡോറിയന്‍ യാത്ര’യിലെ ശരത് രാഘവനും വൈശാഖ് രാഘവനും യഥാക്രമം അഭിനയം, ബാലതാര അഭിനയം വിഭാഗങ്ങളില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടി. ‘പ്രേമ പലഹാരം’ ചിത്രത്തിലെ ഹെലന്‍ എലിസബത്ത് ജോര്‍ജിനും സ്‌പെഷ്യല്‍ ജൂറി അഭിനയം പുരസ്‌കാരം ലഭിച്ചു.

ശില്‍പം, സര്‍ട്ടിഫിക്കറ്റ്, കാഷ് അവാര്‍ഡ് എന്നിവ ഉള്‍പ്പെടുന്ന പുരസ്‌കാരങ്ങള്‍ ജൂലൈ 18ന് വൈകിട്ട് 3 മണിക്ക് കൊച്ചി പരമാര റോഡിലെ ഹോട്ടല്‍ ലൂമിനാറായില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും രണ്ടാം മികച്ച ചിത്രത്തിന് അന്‍പതിനായിരം രൂപയും കാഷ് അവാര്‍ഡായി നല്‍കും.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close