ചരിത്ര നേട്ടവുമായി ഫെഫ്ക..!!!

ചരിത്ര നേട്ടവുമായി ഫെഫ്ക..!!!

2026 ഫെബ്രുവരി 9 മലയാള ചലച്ചിത്ര തൊഴിലാളി വര്‍ഗ്ഗ ചരിത്രത്തിലെ ഉജ്ജ്വലമായ മറ്റൊരു അധ്യായം കൂടി കുറിക്കപ്പെടുന്നു. ‘പന്ത്രണ്ട് മണിക്കൂര്‍ ജോലിസമയം’ എന്ന ഫെഫ്കയുടെ ദീര്‍ഘകാല ആവശ്യം ഇന്ന് യാഥാര്‍ഥ്യമാവുകയാണ്.

ഫെഫ്കയുടെ പ്രഖ്യാപിത ലക്ഷ്യം അംഗീകരിച്ച് കരാറില്‍ ഒപ്പിട്ട കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നന്ദി അറിയിച്ചു.

ചുരുങ്ങിയ മുതല്‍മുടക്കില്‍ സാങ്കേതികത്തികവും മികച്ച ഉള്ളടക്കവുമുള്ള ചിത്രങ്ങള്‍ ഒരുക്കി ലോകത്തിന്റെ കയ്യടി നേടുന്ന മലയാള സിനിമയുടെ വിജയഗാഥയില്‍, അനേകം ചലച്ചിത്ര തൊഴിലാളികളുടെ വിയര്‍പ്പുണ്ട്.

ഷൂട്ടിംഗ് ആരംഭിച്ച് സംവിധായകന്‍ ‘പാക്കപ്പ്’ പറയുന്നത് വരെ നീളുന്ന ക്രമരഹിതമായ ജോലി സമയമായിരുന്നു ആദ്യ കാലങ്ങളിലെ കോള്‍ഷീറ്റ്. എന്നാല്‍, 2008ല്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനായി ഫെഫ്ക നിലവില്‍ വന്നതോടെയാണ് രാത്രി ചിത്രീകരണത്തിന് തൊഴിലാളികള്‍ക്ക് അധിക വേതനം നല്‍കണമെന്ന ആവശ്യമുയര്‍ന്നത്. നിര്‍മ്മാതാക്കളുടെ സംഘടന ഫെഫ്കയുടെ ആവശ്യം അംഗീകരിച്ചതോടെ, പതിറ്റാണ്ടുകള്‍ നീണ്ട അന്യായമായ കീഴ്‌വഴക്കങ്ങള്‍ തിരുത്തപ്പെടുകയായിരുന്നു.

അംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന ഫെഫ്കയുടെ ‘ആരോഗ്യ സുരക്ഷാ പദ്ധതി’ ഇന്ത്യയിലെ മറ്റു ചലച്ചിത്ര സംഘടനകള്‍ക്ക് തന്നെ മാതൃകയാണെന്ന് കമല്‍ഹാസന്‍ നേരത്തെ അഭിനന്ദിച്ചിരുന്നു.

പുതിയ സമയക്രമം സിനിമാ മേഖലയില്‍ കൂടുതല്‍ അച്ചടക്കവും ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാകെ മാതൃകയാകുന്ന നേട്ടങ്ങള്‍ കൈവരിക്കുന്ന സംഘടന എന്ന നിലയില്‍, ഫെഫ്കയിലെ ഓരോ അംഗത്തിനും അഭിമാനിക്കാവുന്ന നിമിഷമാണിത്.
കടപ്പാട് : ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close