ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി നിയന്ത്രണം വരുമോ?

ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇനി നിയന്ത്രണം വരുമോ?

തിരു: പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകള്‍ ഒഴുകിയെത്തുമ്പോള്‍, ആ മനോഹര തീരങ്ങള്‍ക്ക് ഈ ജനത്തിരക്ക് താങ്ങാനാകുന്നുണ്ടോ?

കാടിന്റെ ശാന്തതയ്ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും പരിക്കേല്‍ക്കാതെ എത്രപേര്‍ക്ക് ഒരു സമയം പ്രവേശനം നല്‍കാം എന്ന് തിട്ടപ്പെടുത്താന്‍ വിപുലമായ പഠനവുമായി വനംവകുപ്പ് രംഗത്തിറങ്ങുന്നു.

സംസ്ഥാന വന വികസന ഏജന്‍സിയയായ SFDAയുടെ മേല്‍നോട്ടത്തിലാണ് പോലും ഈ Carrying Capactiy അഥവ വഹനശേഷി പഠനം നടക്കുക.

തിരഞ്ഞെടുത്ത 20 പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടക്കുക എന്നാണ് അറിയാന്‍ സാധിച്ചത്.  ഭൗതിക വഹനശേഷി, യഥാര്‍ഥ വഹനശേഷി, ഫലപ്രദമായ വഹനശേഷി എന്നിവ ശാസ്ത്രീയമായി കണക്കാക്കി, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ സുരക്ഷിതമായി എത്രപേര്‍ക്ക് പ്രവേശനം നല്‍കാമെന്നതില്‍ വ്യക്തത വരുത്തുകയാണ് വനംവകുപ്പിന്റെ പ്രധാന ലക്ഷ്യം.

2011ലെ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ ദൗത്യം. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഇത്തരമൊരു സമഗ്ര പഠനത്തിന് തുടക്കമിടുന്നത്. കുളത്തൂപ്പുഴ, മംഗളവനം, അഭയാരണ്യം, മംഗയം, പനംകുഴി, ആനക്കോട്ടപ്പാറ, സുവര്‍ണോദ്യാനം, രാജീവ് ഗാന്ധി നേച്ചര്‍ പാര്‍ക്ക്, തോടുകാപ്പുകുന്ന്, കോഴിപ്പാറ, അനങ്ങന്‍മല, അലകാപുരി, ശശിപ്പാറ, കക്കവയല്‍, പീച്ചി, വാഴാനി, കക്കാട്, ചൂലന്നൂര്‍, അടവി, ഭൂതത്താന്‍കെട്ട് എന്നീ 20 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പഠനപരിധിയില്‍ വരുന്നത്.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ ചിതറിക്കിടക്കുന്ന, വ്യത്യസ്ത ഭൗതിക-സാമൂഹിക സാഹചര്യങ്ങളുള്ള ഈ പ്രദേശങ്ങളെ ഒരൊറ്റ ഏജന്‍സി പഠിക്കുമ്പോള്‍ അത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഓരോ പ്രദേശത്തിന്റെയും തനത് പരിസ്ഥിതി മനസ്സിലാക്കാന്‍ പ്രാദേശിക പങ്കാളിത്തത്തോടെയുള്ള ആഴത്തിലുള്ള പഠനം അത്യന്താപേക്ഷിതമാണ്.

സന്ദര്‍ശകര്‍ക്ക് ഉടനടി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വനംവകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കുന്നില്ലെങ്കിലും, താങ്ങാവുന്ന പരമാവധി ആളുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതോടെ ഭാവിയില്‍ പ്രവേശനത്തിന് പരിധികള്‍ വന്നേക്കാം. കാടിന്റെ വന്യത ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് സുരക്ഷിതമായ അനുഭവം ഉറപ്പാക്കാനും പ്രകൃതിയെ അതേപടി നിലനിര്‍ത്താനും ഈ പഠനഫലം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close