
പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പെട്രോളിന്റെ ഒരംശം പോലുമില്ലാതെ, 100 ശതമാനവും എഥനോള്‍ ഇന്ധനമാക്കി ഓടുന്ന വാഹനമായിരിക്കും ഇത്. E100 എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ടയുടെ ഹൈക്രോസ് ഇലക്ട്രിഫൈഡ് ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡല്‍ 2023ലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. നിലവില്‍ ലോകത്തിലെ 19 രാജ്യങ്ങളില്‍ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ ഇതുവരെ എഥനോളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് പരാതികളൊന്നും ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
E20 മുതല്‍ E85 വരെയുള്ള എഥനോള്‍പെട്രോള്‍ മിശ്രിതങ്ങളില്‍ ഓടിക്കാന്‍ സാധിക്കുന്ന വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സ് മോഡല്‍ മാരുതി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 7.24 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില (1.2 ലിറ്റര്‍ ZXi+ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനേക്കാള്‍ 86,000 രൂപ അധികം).
ഹൈഡ്രജന്‍ ബസുകള്‍: മധ്യപ്രദേശിലെ 10 റൂട്ടുകളില്‍ ഹൈഡ്രജന്‍ ബസുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ‘പിഎം ഇബസ് സേവാ’ പദ്ധതി വഴി 57,000 കോടി രൂപയുടെ നിക്ഷേപത്തോടെ 10,000 ബസുകള്‍ നിരത്തിലിറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയെന്നും മന്ത്രി വ്യക്തമാക്കി.
