
ലാളിത്യമുള്ള, കുലീനത നിറഞ്ഞു നില്‍ക്കുന്ന വിധത്തിലുള്ള വേഷവിധാനം, ഷര്‍ട്ടും മുണ്ടും, പിന്നില്‍ പുഴ, കറുത്ത പ്രീമിയം കാര്‍. കാറിനു മുന്നില്‍ പ്രതീക്ഷകളോടെ നില്‍ക്കുന്ന മോഹന്‍ലാല്‍. ഇത് ജോര്‍ജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലര്‍ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ‘ദൃശ്യം’ സിനിമയുടെ മൂന്നാം ഭാഗമായ ‘ദൃശ്യം 3’ന്റെ പുറത്തുവിട്ട പുതിയ പോസ്റ്റര്‍. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു. ‘ദൃശ്യം’ സീരിസ്സുകളിലെ ജോര്‍ജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകന്റെ കൂടപ്പിറപ്പുകളേപ്പോലെയായിരിക്കുന്നു. സ്വന്തം കുടുംബത്തിന്റെ രക്ഷക്കായി ഏതറ്റവും വരെ പോകാനിറങ്ങിത്തിരിക്കുന്ന ജോര്‍ജുകുട്ടിക്കു മുന്നില്‍ വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. എത്ര പ്രതിസന്ധികളുണ്ടായാലും, കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥന്റെ ആത്മസംഘര്‍ഷങ്ങള്‍ ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും ഈ ഉറച്ചു തീരുമാനമാണ്. ദൃശ്യത്തില്‍ നിന്നും ‘ദൃശ്യം 3’ ല്‍ എത്തുമ്പോള്‍ അതുവരെയുണ്ടാകുന്ന കാലയളവിന്റെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടാണ് ജോര്‍ജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത്. ജോര്‍ജുകുട്ടിയേയും കുടുംബത്തേയും പ്രേക്ഷകര്‍ ഏറ്റെടുത്തത് ആ കഥാപാത്രങ്ങളുടെ സ്വീകാര്യത തന്നെയാണ്. ഏപ്രില്‍ രണ്ടിന് ‘ദൃശ്യം 3’ എത്തുന്നതുവരേയും പ്രേക്ഷകന്റെ നെഞ്ചിടിപ്പും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ആഗോള തലത്തില്‍ത്തന്നെ സജീവ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ഈ ചിത്രം ഏപ്രില്‍ രണ്ടിന് വേള്‍ഡ് വൈഡായി പ്രേക്ഷര്‍ക്കു മുന്നിലെത്തും. പനോരമ സ്റ്റുഡിയോസും, പെന്‍ സ്റ്റുഡിയോസും ചേര്‍ന്ന് ഈ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് തീയേറ്റര്‍ റിലീസ്സും, ഡിജിറ്റല്‍ റിലീസ്സും സ്വന്തമാക്കിയിട്ടുണ്ട്. – വാഴൂര്‍ ജോസ്.