മോഹന്‍ലാലിന്റെ ജന്‍മദിനമായ മെയ് ഇരുപത്തിഒന്നിന് ജോര്‍ജുകുട്ടിയും കുടുംബവും എത്തുന്നു

മോഹന്‍ലാലിന്റെ ജന്‍മദിനമായ മെയ് ഇരുപത്തിഒന്നിന് ജോര്‍ജുകുട്ടിയും കുടുംബവും എത്തുന്നു

മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ‘ദൃശ്യം’ സിനിമയുടെ മൂന്നാം ഭാഗമായ ‘ദൃശ്യം-3’ മോഹന്‍ലാലിന്റെ ജന്‍മദിനമായ മെയ് ഇരുപത്തിയൊന്നിന് ജന്‍മദിന സമ്മാനമായി എത്തുന്നു.

ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്നു.

‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ…’ എന്ന ടാഗ്‌ലൈനോടെയാണ് മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും.

അവധിക്കാലം ആഘോഷിക്കാനും, ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാനുമായി ഏപ്രില്‍ ആദ്യവാരത്തില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. അതിനനുസരിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷന്‍സ് ജോലികളും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നതാണ്. ചില സാങ്കേതികകാരണങ്ങളാലും ഒപ്പം തന്നെ മോഹന്‍ലാലിന്റെ ജന്‍മദിനാഘോഷവും പ്രമാണിച്ച് റിലീസ് മെയ് ഇരുപത്തിഒന്നിലേക്കു മാറ്റുകയായിരുന്നു.

ജോര്‍ജുകുട്ടിയുടെ കുടുംബാംഗങ്ങളെ പ്രതിനിധീകരിക്കുന്ന മീന, അന്‍സിബ, എസ്തര്‍ അനില്‍ എന്നിവരും നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close