ദോഹയിലെ ഹമദ് എയര്‍പോര്‍ട്ടിന് ആറാംസ്ഥാനം

ദോഹയിലെ ഹമദ് എയര്‍പോര്‍ട്ടിന് ആറാംസ്ഥാനം

അളക ഖാനം-
ദോഹ: 2019 സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സില്‍ ഹമദിന് വീണ്ടും കുതിപ്പ്. ലോകത്തെ മികച്ച പത്ത് വിമാനത്താവളങ്ങളില്‍ ഖത്തര്‍ ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്(എച്ച്‌ഐഎ) ആറാം സ്ഥാനം. പ്രതിവര്‍ഷം 30 മില്യണിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംനേടാനായത് ഹമദിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂര്‍ത്തമാണ്. ഈ വര്‍ഷം ആദ്യത്തില്‍ എച്ച്‌ഐഎയുടെ വിപുലീകരണപദ്ധതിയുടെ രണ്ടാംഘട്ടത്തിനു തുടക്കംകുറിച്ചിട്ടുണ്ട്. 2022 ആകുമ്പോഴേക്കും പ്രതിവര്‍ഷം 53 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് വിമാനത്താവളത്തിന്റെ ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം.

കാര്‍ഗോ ശേഷി പ്രതിവര്‍ഷം മൂന്നു മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്തും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായും ഹമദിനെ തെരഞ്ഞെടുത്തു. ലണ്ടനില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സ്‌പോ 2019നോട് അനുബന്ധിച്ചായിരുന്നു സ്‌കൈട്രാക്‌സ് പുരസ്‌കാരപ്രഖ്യാപനം. പഞ്ചനക്ഷത്ര പദവിക്കും ഹമദ് അര്‍ഹമായി. മികച്ച ഗുണനിലവാര പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചനക്ഷത്ര പദവി ലഭിക്കുന്നത്. ഉന്നത ഗുണനിലവാരത്തിലുള്ള സൗകര്യങ്ങളും സേവനങ്ങളും യാത്രക്കാര്‍ക്ക് നല്‍കുന്ന വിമാനത്താവളങ്ങള്‍ക്കാണ് ഈ പദവി ലഭിക്കുന്നത്. ആഗമനം, നിര്‍ഗമനം, ട്രാന്‍സിറ്റ് എന്നിവയും വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഉപഭോക്തൃ സേവനം, സുരക്ഷ, ഇമിഗ്രേഷന്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഭക്ഷ്യ, ശീതള പാനീയ സൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ മികച്ച റാങ്കിംഗ് സ്വന്തമാക്കാന്‍ ഹമദിനായിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close