ജില്ലാ ബാങ്ക് ലയനത്തിന് സഹകരണ നിയമം തടസമാവുന്നു

ജില്ലാ ബാങ്ക് ലയനത്തിന് സഹകരണ നിയമം തടസമാവുന്നു

ഗായത്രി
മലപ്പുറം: ജില്ല ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ക്ക് തടസ്സം സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍. കേരള കോഓപറേറ്റിവ് സൊസൈറ്റീസ് ആക്ട് 1969ലെ 74 എ വകുപ്പാണ് ലയനനടപടികള്‍ വൈകാന്‍ കാരണം. ഈ വകുപ്പ് പ്രകാരം ലയനത്തിന് റിസര്‍വ് ബാങ്കന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണം. ലയനത്തിന് തത്ത്വത്തില്‍ അംഗീകാരം തേടി 2017 ആഗസ്റ്റ് 31ന് ചീഫ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു.
വിഷയം പഠിക്കാന്‍ ആര്‍.ബി.ഐ നബാര്‍ഡിനെ ചുമതലപ്പെടുത്തി. മൂന്ന് നിബന്ധനകളാണ് നബാര്‍ഡ് മുന്നോട്ടുവെച്ചത്. ജില്ല ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യണം. നിഷ്‌ക്രിയാസ്തി അഞ്ച് ശതമാനത്തില്‍ കൂടാന്‍ പാടില്ല. സോഫ്റ്റ്‌വെയറുകള്‍ ഏകീകൃതവും കുറ്റമറ്റതുമാക്കണം. തുടര്‍ന്ന്, ഇത് പാലിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സോഫ്റ്റ്‌വെയര്‍ നവീകരണത്തിന് തയാറാക്കിയത് 100 കോടിയുടെ പദ്ധതിയാണ്. ബാലന്‍സ് ഷീറ്റ് ക്ലിയറാക്കുന്ന പ്രവര്‍ത്തനം 90 ശതമാനത്തോളം പൂര്‍ത്തിയായി. നിഷ്‌ക്രിയാസ്തി കുറക്കാന്‍ ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു.
ലയനത്തിന് തടസ്സമായ സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനും നീക്കം തുടങ്ങി. ലയനത്തിന് ജനറല്‍ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് നിയമത്തിലെ 14ാം വകുപ്പിലുണ്ട്. ഇതൊഴിവാക്കും. ആര്‍.ബി.ഐയുടെ അനുമതി വേണമെന്ന 74 എ വകുപ്പും ഭേദഗതി ചെയ്‌തേക്കും. ഇതിനുള്ള കരട് നിയമവകുപ്പ് തയാറാക്കി. ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ജില്ല ബാങ്ക് ലയനത്തിന് തടസ്സം നീങ്ങും. അതേസമയം, സംസ്ഥാന സഹകരണ ബാങ്കിനും ജില്ല ബാങ്കിനും ആര്‍.ബി.ഐ ലൈസന്‍സുള്ളതിനാല്‍ ലയനത്തിന് പുതിയ ലൈസന്‍സ് ആവശ്യമില്ലെന്ന് വിവരാവകാശ മറുപടിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close