നോട്ട് നിരോധനം 50 ലക്ഷത്തോളംപേര്‍ക്കു തൊഴില്‍ നഷ്ടപ്പെടുത്തി

നോട്ട് നിരോധനം 50 ലക്ഷത്തോളംപേര്‍ക്കു തൊഴില്‍ നഷ്ടപ്പെടുത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം രാജ്യത്ത് 50 ലക്ഷത്തോളംപേര്‍ക്കു തൊഴില്‍ നഷ്ടമായെന്നു വെളിപ്പെടുത്തല്‍. 2011 നും 2018നും ഇടയിലുള്ള കാലയളവില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനമായി ഇരട്ടിച്ചുവെന്നും കണ്ടെത്തല്‍. അസിം പ്രേംജി സര്‍വകലാശാലയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എംപ്ലോയ്‌മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണിവ. നോട്ട് നിരോധനകാലത്താണു തൊഴില്‍ നഷ്ടത്തിനു തുടക്കം കുറിച്ചതെങ്കിലും നോട്ടു നിരോധനം മാത്രമാണ് ഇതിനു കാരണം എന്നു സ്ഥാപിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
സ്ത്രീകളെക്കൂടി പരിഗണിക്കുമ്പോള്‍ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നു പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നഷ്ടത്തിന്റെ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ പ്രാതികൂല്യം നേരിടുന്നതു സ്ത്രീകളാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും ഉയര്‍ന്ന നിലയിലാണ്. 2011നുശേഷം തൊഴിലില്ലായ്മയില്‍ സ്ഥായിയായ വര്‍ധന ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കാണു തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നത് ആശങ്ക ഉയര്‍ത്തുന്ന വസ്തുതയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവര്‍ക്കും ഇക്കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴില്‍ അവസരങ്ങളും കുറഞ്ഞു. 2018ല്‍ തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനമാണ്. 2000 മുതല്‍ 2011 വരെയുള്ള ദശാബ്ദത്തിലെ തൊഴിലില്ലായ്മ നിരക്കിനെക്കാള്‍ ഇരട്ടിയാണിതെന്നും ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളില്‍ താമസിക്കുന്നവരില്‍ 34 ശതമാനം സ്ത്രീകളും തൊഴില്‍ രഹിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 നുശേഷം രാജ്യത്തെ പുതിയ തൊഴിലവസരങ്ങളും ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ കണ്‍സ്യൂമര്‍ പിരമിഡ് സര്‍വേയെ അടിസ്ഥാനപ്പെടുത്തിയാണു രാജ്യത്തെ തൊഴില്‍ വിപണിയെ കുറിച്ചുള്ള പഠനം. രാജ്യത്തെ 1.6 ലക്ഷം വീടുകളെയും 5.22 ലക്ഷം വ്യക്തികളെയും ഉള്‍പ്പെടുത്തിയാണു സര്‍വേ.
പൊതുമേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞിരിക്കുന്നത്. നോട്ട് നിരോധനത്തിനും ജിഎസ്ടി നടപ്പാക്കിയതിനും ശേഷം സ്വകാര്യ മേഖലയിലും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രാജ്യത്തു വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ടംഗങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ രാജി വച്ചിരുന്നു. നോട്ട് നിരോധനത്തിനുശേഷം രാജ്യത്തു വ്യാപക തൊഴില്‍ നഷ്ടമുണ്ടായി എന്നു വ്യക്തമാക്കുന്നതായിരുന്നു ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട്. ഇതുള്‍പ്പടെ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും വിവരമുണ്ടായിരുന്നു.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതു തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണു സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close