ഫിദ-
കൊച്ചി: പ്രളയാനന്തരം പുനര്‍നിര്‍മാണത്തിനൊരുങ്ങുന്ന കേരളത്തിന് നിര്‍മാണസാമഗ്രികളുടെ ലഭ്യതയും വിലക്കയറ്റവും വെല്ലുവിളിയാകും. ക്വാറികളുടെ പ്രവര്‍ത്തനത്തിലുള്ള അനിശ്ചിതത്വവും അവസരം മുതലാക്കാനുള്ള സിമന്റ് കമ്പനികളുടെ ആസൂത്രിത നീക്കവുമാണ് പ്രതിസന്ധിക്ക് വഴിയൊരുക്കുന്നത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും നിര്‍മാണസാമഗ്രികള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങി.
നിര്‍മാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും ക്രഷര്‍ ഉല്‍പന്ന ദൗര്‍ലഭ്യവും മൂലം ഒരുവര്‍ഷത്തിലധികമായി നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. സിമന്റും കമ്പിയും ഉള്‍പ്പെടെയുള്ളവക്ക് 25 മുതല്‍ 80 ശതമാനം വരെയാണ് വില വര്‍ധിച്ചത്. കേരളത്തില്‍ നിര്‍മാണസാമഗ്രികള്‍ക്ക് ആവശ്യം വര്‍ധിക്കുകയാണെന്നും വില ഉയരുമെന്നും തമിഴ്‌നാട്ടിലെ പ്രമുഖ കമ്പനികള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ പാക്കറ്റിന് 380 മുതല്‍ 420 രൂപ വരെയാണ് കേരളത്തില്‍ സിമന്റ് വില. അതേസമയം, തമിഴ്‌നാട്ടില്‍നിന്നുള്ള സിമന്റ് കര്‍ണാടകയില്‍ 320 രൂപക്കാണ് വില്‍ക്കുന്നത്. ഉല്‍പാദനം കുറച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയും വിലക്കയറ്റത്തിന് കളമൊരുക്കുകയുമാണ് തമിഴ്‌നാട്ടിലെ കമ്പനികളുടെ ലക്ഷ്യം. കേരളത്തിനാവശ്യമായ സിമന്റിന്റെ 20 ശതമാനവും സര്‍ക്കാറിന്റെ വന്‍കിട പദ്ധതികള്‍ക്കാണെന്നിരിക്കെ അവസരം പരമാവധി മുതലാക്കാനാണ് ശ്രമം.
പാരിസ്ഥിതികാനുമതിയുടെ പേരില്‍ ഒരുവര്‍ഷത്തോളമായി സംസ്ഥാനത്തെ 2500ഓളം ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ആവശ്യമായ ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങളുടെ 30 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നുള്ളൂ.
പ്രളയബാധിത പ്രദേശങ്ങളില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്. ഇതുമൂലം ചില പ്രദേശങ്ങളില്‍ എം.സാന്‍ഡ്, മെറ്റല്‍ എന്നിവക്ക് ഒരടിക്ക് രണ്ട് രൂപ വരെ കൂടി. ഒരു ലോഡ് കല്ലിന് 3500 മുതല്‍ 5000 രൂപ വരെ ഈടാക്കുന്നു. എട്ട് എം.എം. കമ്പിക്ക് ഗുണനിലവാരത്തിനനുസരിച്ച് കിലോക്ക് 50 മുതല്‍ 63 വരെയാണ് വില.