വെളിച്ചെണ്ണ ഇറക്കുമതി നാളികേര കര്‍ഷകര്‍ക്ക് ഇരിട്ടടിയാവുന്നു

വെളിച്ചെണ്ണ ഇറക്കുമതി നാളികേര കര്‍ഷകര്‍ക്ക് ഇരിട്ടടിയാവുന്നു

ഫിദ
കൊച്ചി: നാളികേര കര്‍ഷകരുടെ ദുരിതങ്ങളേറ്റി കേന്ദ്രം വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധതികളുടെ മറവില്‍ വന്‍കിട കമ്പനികള്‍ വെളിച്ചെണ്ണ ഇറക്കുമതി ആരംഭിച്ചുകഴിഞ്ഞു. കൊപ്രക്ക് പിന്നാലെ വെളിച്ചെണ്ണ ഇറക്കുമതിയും വരുന്നതോടെ ഫലത്തിലത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറും.
മുംബയിലെ ഒരു സ്ഥാപനമാണ് വെളിച്ചെണ്ണ ഇറക്കുമതി ആരംഭിച്ചത്. കഴിഞ്ഞ മാസം ഏഴായിരം ടണ്‍ വെളിച്ചെണ്ണയാണ് അവര്‍ ഇറക്കുമതി ചെയ്തത്. മൂല്യവര്‍ധിത ഉല്പന്നമാക്കി കയറ്റുമതി ചെയ്യാന്‍ കേന്ദ്രം നല്‍കിയ അനുമതി പ്രകാരമാണ് വെളിച്ചെണ്ണ ഇറക്കുമതി. കൂടുതല്‍ കമ്പനികള്‍ ഇതേ രീതി സ്വീകരിച്ചാല്‍ കര്‍ഷകര്‍ക്ക് വിനയാകുമെന്നാണ് ആശങ്ക.
നാളികേര ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ നിന്ന് കൊപ്ര ഇറക്കുമതി വ്യാപകമാണ്. കയറ്റുമതി പ്രോത്സാഹന പദ്ധതിയിലാണ് നികുതിയില്ലാത്ത ഇറക്കുമതി. ഇറക്കുമതി ചെയ്യുന്ന കൊപ്രയില്‍ നിന്നുള്ള വെളിച്ചെണ്ണയുടെ 75 ശതമാനം ഉല്‍പ്പന്നമാക്കി തിരിച്ച് കയറ്റുമതി നടത്തണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം നിരവധി വന്‍കിട കമ്പനികള്‍ കൊപ്രയും ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇറക്കുമതി ചെയ്യുന്ന കൊപ്രയില്‍ നിന്ന് പൂര്‍ണമായും എണ്ണയെടുക്കാതെ പിണ്ണാക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്. ബിസ്‌കറ്റ് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുവായി എണ്ണ പൂര്‍ണമായെടുക്കാത്ത പിണ്ണാക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്തരം കമ്പനികളുമായുള്ള ധാരണയിലാണ് ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ എണ്ണ പൂര്‍ണമായി എടുക്കാത്തത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close