
രാജ്യത്തെ സിമന്റ് കമ്പനികള്‍ ഒക്ടോബര്‍ മാസത്തില്‍ വീണ്ടും വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ്ങിന്റെ പഠനമനുസരിച്ച്, വിവിധ വിപണികളിലായി ഒരു ചാക്ക് സിമന്റിന് അഞ്ച് മുതല്‍ 20 രൂപ വരെ വര്‍ധിച്ചേക്കും. സെപ്റ്റംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയ വിലവര്‍ധനവിന്റെ തുടര്‍ച്ചയായാണ് കമ്പനികള്‍ വീണ്ടും നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സിമന്റ് വിലയില്‍ വലിയ മാറ്റമില്ലാതിരുന്നെങ്കിലും സെപ്റ്റംബറില്‍ ദേശീയതലത്തില്‍ ചാക്കിന് ശരാശരി ഏഴു രൂപയോളം വര്‍ധിച്ച് 356 രൂപയിലെത്തിയിരുന്നു. ട്രേഡ്, നോണ്‍ട്രേഡ് വിഭാഗങ്ങളില്‍ വില ഉയര്‍ന്നതില്‍ നോണ്‍ട്രേഡ് മേഖലയിലാണ് കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. ഈ പ്രവണത മുന്‍നിര്‍ത്തിയാണ് ഒക്ടോബറിലും വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നീക്കം നടത്തുന്നത്.

അതേസമയം, കമ്പനികള്‍ ബിസിനസ് നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും പല വിപണികളിലും ഇതിന്റെ പൂര്‍ണ ഭാരം ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വില്‍പ്പന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പല ഡീലര്‍മാരും പഴയ നിരക്കില്‍ തന്നെയാണ് സിമന്റ് വിറ്റഴിച്ചത്. ഇന്ധനവില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍, പ്രഖ്യാപിക്കുന്ന ഈ പുതിയ വിലവര്‍ധനവ് വിപണിയില്‍ എത്രത്തോളം നിലനിര്‍ത്താന്‍ സാധിക്കുമെന്നത് കമ്പനികള്‍ക്ക് നിര്‍ണായകമായിരിക്കും.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുവെ കാണാറുള്ള സീസണല്‍ ഇടിവിനെ അപേക്ഷിച്ച് സിമന്റിന്റെ ആവശ്യകതയില്‍ ദൗര്‍ബല്യം കുറവായിരുന്നു. മഴ കനത്ത പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായപ്പോള്‍, കുറഞ്ഞ മഴ ലഭിച്ചയിടങ്ങളില്‍ നിര്‍മാണം സജീവമായിരുന്നു. ഒക്ടോബറിലെ വിലവര്‍ധനവ് വിപണി അംഗീകരിക്കുമോ എന്നത് വരുംദിവസങ്ങളിലെ ആവശ്യകതയെ ആശ്രയിച്ചിരിക്കും.
