ഗായത്രി
കൊച്ചി: ഓണത്തോടനുബന്ധിച്ച് ആകര്‍ഷക ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. ഒരു വര്‍ഷം കാലാവധിയുള്ള 44 രൂപയുടെ പുതിയ ഓണം പ്രീപെയ്ഡ് മൊബൈല്‍ പ്ലാനിന് 20 രൂപയുടെ സംസാരസമയം ലഭിക്കും. ആദ്യത്തെ 30 ദിവസം ബി.എസ്.എന്‍.എല്‍ കോളുകള്‍ക്ക് മിനിറ്റിന് അഞ്ച് പൈസയും മറ്റ് കോളുകള്‍ക്ക് ഇന്ത്യയിലെവിടേക്കും മിനിറ്റിന് 10 പൈസയുമാണ് കോള്‍ നിരക്ക്. ഈ കാലയളവില്‍ 500 എം.ബി ഡാറ്റയും ലഭിക്കും. ഒരുമാസത്തിന് ശേഷം സെക്കന്റിന് ഒരുപൈസയും ഒരു എം.ബി ഡാറ്റക്ക് 10 പൈസയുമാണ് ഈടാക്കുക. ഒരുവര്‍ഷത്തെ കാലാവധി തീരുമ്പോള്‍ വീണ്ടും 44 രൂപ റീച്ചാര്‍ജിലൂടെ പ്ലാന്‍ തുടരാം. നിലവില്‍ മറ്റുപ്ലാനുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും പുതിയ പ്ലാനിലേക്ക് മാറാവുന്നതാണ്.
പ്രീപെയ്ഡ് മൊബൈലില്‍ 188, 289, 389 എന്നീ മൂന്ന് പുതിയ താരിഫ് വൗച്ചറുകളും അവതരിപ്പിക്കും. 188ന്റേതില്‍ 189 രൂപ സംസാരമൂല്യവും 14 ദിവസത്തേക്ക് 31 രൂപയുടെ അധിക സംസാര സമയവും ഒരു ജി.ബി ഡാറ്റയും ലഭിക്കും. 289 രൂപയുടെ വൗച്ചറില്‍ 289 രൂപയുടെ സംസാര മൂല്യം മെയിന്‍ അക്കൗണ്ടില്‍ ലഭിക്കുന്നതോടൊപ്പം 51 രൂപയുടെ അധിക സംസാര സമയവും ഒരു ജിബി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും. 389 രൂപയുടേതില്‍ 389 രൂപയുടെ സംസാരമൂല്യത്തോടൊപ്പം 30 ദിവസത്തേക്ക് 71 രൂപയുടെ അധിക സംസാരസമയവും ഒരു ജി.ബി ഡാറ്റയും ലഭിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിട്ടും ഡേറ്റ പാക്കുകള്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തേക്ക് ഒരു ജി.ബി ഡാറ്റ സൗജന്യമായി നല്‍കും. ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇനി 249 രൂപയുടെ പ്ലാനില്‍ പുതിയ കണക്ഷനെടുക്കാം. ഒരുവര്‍ഷത്തിന് ശേഷം ഇത് 499 രൂപയുടെ പ്ലാനിലേക്ക് മാറും.