ലോകം ഉറ്റുനോക്കുന്ന ‘ബ്രിക്‌സ്’ അങ്കത്തട്ടില്‍; ആഗോള തന്ത്രങ്ങളുടെ കേന്ദ്രബിന്ദുവായി ന്യൂഡല്‍ഹി!

ലോകം ഉറ്റുനോക്കുന്ന ‘ബ്രിക്‌സ്’ അങ്കത്തട്ടില്‍; ആഗോള തന്ത്രങ്ങളുടെ കേന്ദ്രബിന്ദുവായി ന്യൂഡല്‍ഹി!

ന്യൂഡല്‍ഹി: ആഗോള രാഷ്ട്രീയം കൊടും സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിക്ക് നാളെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അരങ്ങുണരുന്നു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ആഗോളനേതാക്കളുടെ വരവോടെ ഡല്‍ഹി ഇപ്പോള്‍ തന്നെ തന്ത്രപ്രധാന നയതന്ത്ര ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞു.

പുലര്‍ച്ചെ മൂന്നുമണിയോടെ ഡല്‍ഹി പാലം വ്യോമതാവളത്തിലിറങ്ങിയ വഌഡിമിര്‍ പുടിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന നരേന്ദ്ര മോദി പുടിന്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചയിലാണ് എല്ലാവരുടെയും കണ്ണുകള്‍. എസ്400 വ്യോമ പ്രതിരോധ സംവിധാനം, സുഖോയ് പോര്‍വിമാനങ്ങള്‍, സൈനിക ഉപകരണങ്ങള്‍, ആണവനിലയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കരാറുകള്‍ കൂടിക്കാഴ്ചയില്‍ മേശപ്പുറത്തെത്തും. കൂടാതെ, റഷ്യയുക്രെയ്ന്‍ യുദ്ധത്തിന് നയതന്ത്ര വഴിയിലൂടെ സമാധാനപരിഹാരം കണ്ടെത്താനുള്ള ഇന്ത്യയുടെ ഇടപെടലുകളും ഇതില്‍ നിര്‍ണായകമാകും.

മറ്റൊരു വശത്ത്, പശ്ചിമേഷ്യന്‍ പ്രതിസന്ധി പുകയുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇന്ന് തലസ്ഥാനത്തെത്തുന്നുണ്ട്. പ്രധാനമന്ത്രി മോദിയുമായുള്ള അദ്ദേഹത്തിന്റെ പ്രത്യേക കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിലും ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലെ പൊതുനിലപാടുകളിലുമാകും ശ്രദ്ധ കേന്ദ്രീകരിക്കുക.

പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിന് കരുത്തുറ്റ ബദലായി മാറുന്ന ബ്രിക്‌സ് കൂട്ടായ്മയ്ക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുന്നത് ഏറെ ആകാംക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് പുറമെ പുതുതായി എത്തിയ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ശക്തമായ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉച്ചകോടിയുടെ ഭാഗമായി വിമാനത്താവളം മുതല്‍ ഭാരത് മണ്ഡപം വരെ ഡല്‍ഹിയാകെ കനത്ത സുരക്ഷാവലയത്തിലാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close