
മുകേഷ് അംബാനിയുടെ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ‘ബോംബെ ക്രീമറി’ എന്ന പേരില്‍ പുതിയ ഐസ്‌ക്രീം ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ഐസ്‌ക്രീം വിപണിയിലേക്ക് കടന്നിരിക്കുകയാണ്.
വെറും 10 രൂപയില്‍ ആരംഭിക്കുന്ന ഐസ്‌ക്രീം കപ്പുകള്‍, കോണുകള്‍, സ്റ്റിക്ക് ഐസ്‌ക്രീമുകള്‍ എന്നിവ നല്‍കിക്കൊണ്ട് വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പടിഞ്ഞാറന്‍ ഇന്ത്യയിലാണ് ഇവ ലഭ്യമാക്കുകയെങ്കിലും വൈകാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
നേരത്തെ ടെലികോം രംഗത്ത് ജിയോയിലൂടെയും പിന്നീട് കോള വിപണിയില്‍ Campa എന്ന ബ്രാന്‍ഡിലൂടെയും നടപ്പിലാക്കിയ അതേ വിലക്കുറവ് അധിഷ്ഠിതമായ തന്ത്രമാണ് (10-rupee price point strategy) ഇവിടെയും കമ്പനി പുറത്തെടുക്കുന്നത്. നിലവില്‍ പ്രമുഖ ബ്രാന്‍ഡുകളായ അമുല്‍ പോലെയുള്ളവയുടെ എന്‍ട്രി ലെവല്‍ ഐസ്‌ക്രീമുകള്‍ക്ക് ചുരുങ്ങിയത് 20 രൂപയെങ്കിലും വിലയുള്ളപ്പോള്‍, വെറും 10 രൂപയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കി റിലയന്‍സ് ആരംഭ വില പകുതിയായി കുറച്ചിരിക്കുകയാണ്.
വര്‍ധിച്ചുവരുന്ന ചൂടും, Quick-commerce ആപ്പുകളുടെ വളര്‍ച്ചയും കാരണം ഇന്ത്യയിലെ ഐസ്‌ക്രീം വിപണി അതിവേഗം വളരുകയാണ്. കൃത്രിമ ചേരുവകള്‍ ഒഴിവാക്കി യഥാര്‍ത്ഥ ഡയറി ക്രീം ഉപയോഗിച്ച് നിര്‍മ്മിച്ച മികച്ച രുചിയുള്ള ഐസ്‌ക്രീം സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ നല്‍കുകയാണ് ബോംബെ ക്രീമറിയുടെ ലക്ഷ്യമെന്ന് റിലയന്‍സ് വ്യക്തമാക്കി. റിലയന്‍സിന്റെ കൂറ്റന്‍ വിതരണ ശൃംഖലയും കുറഞ്ഞ വിലയും ചേരുമ്പോള്‍ ഇത് വിപണിയിലെ മറ്റു പ്രമുഖ കമ്പനികള്‍ക്ക് വലിയ മത്സരവും വെല്ലുവിളിയും സൃഷ്ടിക്കുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.