
മഹേഷ് മാധവ് കമ്മത്ത്-
‘ജയിച്ചാല്‍ മാത്രം പോരാ, ജയിച്ചുകൊണ്ടേയിരിക്കണം’ എന്ന ടാഗ്‌ലൈനോടെ ‘ബിഗ് ബോസ്’ മലയാളം സീസണ്‍ 8ന് ഗംഭീര തുടക്കം.

മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഈ റിയാലിറ്റി ഷോ ഇത്തവണയും മോഹന്‍ലാല്‍ തന്നെയാണ് നയിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള 21 മത്സരാര്‍ത്ഥികളാണ് 100 ദിനങ്ങള്‍ നീളുന്ന മത്സരത്തിന്റെയും സൗഹൃദത്തിന്റെയും ഈഗോയുടെയും പോരാട്ടത്തിനായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ പ്രധാന എപ്പിസോഡുകള്‍ക്ക് പുറമെ ജിയോഹോട്ട്സ്റ്റാറിലൂടെ 24 മണിക്കൂറും തത്സമയം മത്സരം കാണാനുള്ള സൗകര്യവുമുണ്ട്.

ബിഗ് ബോസ് ചരിത്രത്തിലാദ്യമായി സാധാരണക്കാര്‍ക്കായി സംഘടിപ്പിച്ച ‘അഗ്‌നിപരീക്ഷ’ എന്ന പ്രീഷോ ആയിരുന്നു ഇത്തവണത്തെ പ്രധാന ആകര്‍ഷണം.

മുന്‍ സീസണുകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ രഞ്ജിനി ഹരിദാസ്, റിയാസ് സലിം, അഖില്‍ മാരാര്‍ എന്നിവരായിരുന്നു ഇതിലെ വിധികര്‍ത്താക്കള്‍. 40 പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 പേരില്‍ നിന്നാണ് വോട്ടിംഗിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ 4 കോമണര്‍ മത്സരാര്‍ത്ഥികള്‍ ‘ബിഗ് ബോസ്’ ഹൗസിലേക്ക് യോഗ്യത നേടിയത്.
മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും ഛായമിടാത്ത യഥാര്‍ത്ഥ മുഖങ്ങളും തുറന്നുകാട്ടുന്ന ഒരു മാനസിക കാവ്യമാണ് ഈ ഷോ. പ്രതിസന്ധികളോടും സമ്മര്‍ദ്ദങ്ങളോടും ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനും, ജെന്‍ഡര്‍ സമത്വം, മാനസികാരോഗ്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ സമൂഹത്തില്‍ ചര്‍ച്ചകള്‍ സൃഷ്ടിക്കാനും ഇതിന് സാധിക്കുന്നുണ്ട്.
എന്നാല്‍ അതേസമയം തന്നെ, സോഷ്യല്‍ മീഡിയയിലൂടെയുള്ള സൈബര്‍ ബുള്ളിയിംഗ്, ഹേറ്റ് ക്യാമ്പെയ്‌നുകള്‍, അനാവശ്യ വാഗ്വാദങ്ങള്‍ എന്നിവയും ഇതിന്റെ നിഷേധാത്മക വശങ്ങളാണ്. ചുരുക്കത്തില്‍, ജോലിത്തിരക്കുകള്‍ക്ക് ശേഷമുള്ള മികച്ചൊരു മാനസിക ഉല്ലാസമായി ഈ ദൃശ്യവിസ്മയത്തെ കാണുന്നതിനൊപ്പം, കേവലം ഒരു വിനോദ പരിപാടിയായി ഇതിനെ സമീപിക്കുക എന്നതാണ് പ്രധാനം.
ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ മാറ്റുരയ്ക്കുന്ന 21 മത്സരാര്‍ത്ഥികളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാധാരണക്കാരായ കോമണര്‍മാരും ഉള്‍പ്പെടുന്നു.

മുന്‍ മിസ് കേരളയും നടിയുമായ ഗായത്രി സുരേഷ്, യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സറായ ‘കടല്‍ കൊമ്പന്‍’ ശ്രീരാജ്, മിനിസ്‌ക്രീന്‍ സീരിയല്‍ താരങ്ങളായ മൃദുല വിജയ്, ശ്രീലയ ജോസ്, ജസീല പര്‍വീണ്‍, സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ അധ്യാപിക ശ്രീലക്ഷ്മി അറക്കല്‍, റിയാക്ഷന്‍ വീഡിയോകളിലൂടെ പ്രശസ്തനായ ‘വിക്കി തഗ്ഗ്’ (വിഘ്‌നേശ് ശിവന്‍), മുന്‍ മാധ്യമപ്രവര്‍ത്തക റിനി ആന്‍ ജോര്‍ജ്, നടനും എഴുത്തുകാരനുമായ നോബി ബിനോ, മുന്‍ ആര്‍.ജെയും നടിയുമായ ഐശ്വര്യ മധു, പ്രശസ്ത ആര്‍.ജെ അഞ്ജലി, നടന്‍ സുമേഷ് ചന്ദ്രന്‍, എയര്‍പോര്‍ട്ട് ജീവനക്കാരിയും ഇന്‍ഫ്‌ലുവന്‍സറുമായ നേഹ ഫാത്തിമ, സിനിമാ സ്റ്റണ്ട് വുമണ്‍ ‘കാളി’, സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനായ ഗൗതം ശശി, യുവ കണ്ടന്റ് ക്രിയേറ്റര്‍ മുഹമ്മദ് ആസിഫ്, മെന്‍സ് കമ്മീഷന്‍ ആവശ്യവുമായി എത്തിയ രാഹുല്‍ ഈശ്വര്‍ എന്നിവരാണ് ‘ബിഗ് ബോസ്’ ഹൗസിലേക്ക് പ്രവേശിച്ച പ്രധാന വ്യക്തിത്വങ്ങള്‍. ഇവര്‍ക്കൊപ്പം, ‘അഗ്‌നിപരീക്ഷ’ എന്ന പ്രീഷോ വഴി തെരഞ്ഞെടുക്കപ്പെട്ട ലൊലീറ്റ, എല്‍ദോ, രാകേഷ്, ഷിജിന്‍ എന്നീ നാല് കോമണര്‍ മത്സരാര്‍ത്ഥികളും ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്.
