കിട്ടാക്കടം; പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തില്‍

കിട്ടാക്കടം; പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തില്‍

ഗായത്രി-
കോച്ചി: കിട്ടാക്കടം രൂക്ഷമായി തുടരുന്നത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ നടുവൊടിക്കുന്നു. 2018 ജൂലായ്‌സെപ്റ്റംബര്‍ പാദത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ അറ്റ നഷ്ടം 14,716.19 കോടി രൂപ. 21 പൊതുമേഖലാ ബാങ്കുകളില്‍ 12 എണ്ണവും നഷ്ടത്തിലാണ്. ഇവയുടെ മൊത്തം നഷ്ടം 17,046.84 കോടി. ഒമ്പത് ബാങ്കുകളാണ് ലാഭത്തിലുള്ളത്. എന്നാല്‍, ഇവയുടെ അറ്റാദായം 2,330.65 കോടി രൂപ മാത്രം. ഇതുകൂടി കണക്കിലെടുക്കുമ്പോഴാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ അറ്റനഷ്ടം (17046.84-2330.65) 14,716.19 കോടി രൂപയാകുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദമായ ഏപ്രില്‍ജൂണ്‍ കാലയളവിലെ 16,614.9 കോടി രൂപയുടെ നഷ്ടത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നഷ്ടം ഏതാണ്ട് 2,000 കോടി രൂപ കുറയ്ക്കാന്‍ കഴിഞ്ഞു. 2018 ജനുവരിമാര്‍ച്ച് പാദത്തിലായിരുന്നു റെക്കോഡ് നഷ്ടം 62,681.27 കോടി രൂപ. കിട്ടാക്കടം പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറയെ ദുര്‍ബലപ്പെടുത്തിയതിന് തെളിവാണ് തുടര്‍ച്ചയായുള്ള ഭീമന്‍നഷ്ടം.
201819 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവുമധികം അറ്റനഷ്ടം പഞ്ചാബ് നാഷണല്‍ ബാങ്കിനാണ്. 4,532.35 കോടി രൂപയാണ് പി.എന്‍.ബി.യുടെ മൂന്നു മാസത്തെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 560.58 കോടി രൂപയുടെ ലാഭത്തിലായിരുന്നു പി. എന്‍.ബി. കിട്ടാക്കടത്തിനായി 7,733.27 കോടി രൂപ ഉള്‍പ്പെടെ 9,757.90 കോടി രൂപയുടെ വകയിരുത്തലാണ് ബാങ്കിന്റെ നഷ്ടം ഉയര്‍ത്തിയത്. വജ്രവ്യാപാരി നീരവ് മോദിയും ബന്ധുവും ചേര്‍ന്ന് നടത്തിയ 14,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നതോടെയാണ് പി.എന്‍.ബി. പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
നഷ്ടക്കണക്കില്‍ രണ്ടാം സ്ഥാനത്ത് പൊതുമേഖലയിലെ പുതുതലമുറ ബാങ്കായ ഐ.ഡി.ബി.ഐ.യാണ്. 3,602.50 കോടി രൂപയാണ് ഐ.ഡി.ബി.ഐ. ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 197.84 കോടി മാത്രമായിരുന്നു നഷ്ടം. 1,822.71 കോടിയുമായി അലഹബാദ് ബാങ്കാണ് മൂന്നാം സ്ഥാനത്ത്.
അതിനിടെ, നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നഷ്ടത്തിലായിരുന്ന ചില ബാങ്കുകള്‍ രണ്ടാം പാദത്തില്‍ ലാഭത്തിലെത്തിയത് ആശ്വാസമായി. എസ്.ബി.ഐ,ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവ ഇതില്‍ പെടുന്നു. എസ്.ബി.ഐ. രണ്ടാം പാദത്തില്‍ 944.87 കോടി രൂപയുടെ അറ്റാദായം നേടി. ഒന്നാം പാദത്തില്‍ 4,875.85 കോടിയുടെ നഷ്ടത്തിലായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്. ഓറിയന്റല്‍ ബാങ്ക് 393.21 കോടിയുടെ നഷ്ടത്തില്‍ നിന്ന് 101.74 കോടി രൂപയുടെ ലാഭത്തിലേക്ക് എത്തി.
പൊതുമേഖലാ ബാങ്കുകളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ശക്തമായി തുടരുകയാണ്. പല ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അധിക മൂലധനം അനുവദിച്ചിട്ടുണ്ട്.&ിയുെ;അതുപോലെ പ്രതിസന്ധിയില്‍ പെട്ട ബാങ്കുകളുടെ പ്രകടനം വിലയിരുത്തുന്നത് ആര്‍.ബി.ഐ.യും ശക്തമാക്കി.

 

Post Your Comments Here ( Click here for malayalam )
Press Esc to close