
ന്യൂഡല്‍ഹി: ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സെപ്റ്റംബര്‍ 11, വെള്ളി. BEFI, AIBEA, AIBOC, NCBE അടക്കമുള്ള 7 പ്രമുഖ സംഘടനകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (UFBU) നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ സംഘടനകള്‍ തീരുമാനിച്ചത്.
പണിമുടക്കിനെ തുടര്‍ന്ന് രാജ്യത്തുടനീളം ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചത്തെ പണിമുടക്കിന് പിന്നാലെ ശനിയും ഞായറും വാരാന്ത്യ അവധികളായതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. കൂടാതെ, തിങ്കളാഴ്ച വിനായകചതുര്‍ഥി അവധിയുള്ള മേഖലകളില്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകില്ല.
ആഴ്ചയില്‍ 5 ദിവസത്തെ ജോലിയും 2 ദിവസം അവധിയും അനുവദിക്കുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ വിശാലമായ കൂടിയാലോചനകള്‍ക്ക് ശേഷമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
ബാങ്ക് ജീവനക്കാരുടെ ന്യായാവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും ബാങ്ക് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.