വിഷ്ണു പ്രതാപ്
മുംബൈ: റിസര്‍വ് ബാങ്ക് നിര്‍ണായക പലിശനിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചതിനെതുടര്‍ന്നു വിവിധ ബാങ്കുകളും ഭവന വായ്പാ കമ്പനികളും പലിശ വര്‍ധിപ്പിച്ചുതുടങ്ങി. ഇപ്പോള്‍ വായ്പാ പലിശയാണു കൂട്ടുന്നത്. നിക്ഷേപപലിശ സാവധാനമേ കൂട്ടൂ.
ഇന്ത്യന്‍ ബാങ്ക്, കരൂര്‍ വൈശ്യാ ബാങ്ക് എന്നിവ ഇന്നലെ വായ്പാപലിശ 0.10 ശതമാനം കൂട്ടി. ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്‌സി പലിശ കാല്‍ ശതമാനം വര്‍ധിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പാപലിശ 0.10 ശതമാനം കൂട്ടി.
റിസര്‍വ് ബാങ്കിന്റെ പലിശ വര്‍ധനക്ക് ഒരാഴ്ച മുമ്പേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പലിശ 0.10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. മറ്റു ബാങ്കുകളും ഈ ദിവസങ്ങളില്‍ പലിശ കൂട്ടാന്‍ തീരുമാനിക്കും.
പലിശനിരക്ക് കൂട്ടിയതിനെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അടക്കമുള്ള വ്യവസായ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. വളര്‍ച്ചയ്ക്കു തടസമാകും എന്നാണ് അവര്‍ വാദിക്കുന്നത്.ചില്ലറ വിലക്കയറ്റം കൂട്ടുകയും ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവരികയും ചെയ്യുന്നതു കണക്കിലെടുത്താണു റിസര്‍വ് ബാങ്ക് പലിശ കൂട്ടിയത്.