രാംനാഥ് ചാവ്‌ല-
ബംഗലൂരു: രാജ്യത്തെ മുന്‍നിര ഐടി സ്ഥാപനമായ വിപ്രോയുടെ സ്ഥാപകന്‍ അസിം പ്രേംജി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നും വിരമിക്കുന്നു. ഈ വരുന്ന ജൂലൈ അവസാനത്തോടെയാകും വിരമിക്കലെന്നും അസിം പ്രേംജി കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി തുടരുമെന്നും വിപ്രോ അറിയിച്ചു. പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജിയാണ് പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. ഇപ്പോള്‍ സിഇഒയായി പ്രവര്‍ത്തിക്കുന്ന അബിദാലി നീമുചൗലയാണ് പുതിയ എംഡിയാകുക. വിപ്രോയില്‍ 53 വര്‍ഷം പൂര്‍ത്തിയാകുന്ന ജൂലൈ 30ന് തന്നെ വിരമിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതു വരെയുള്ള കമ്പനിയിലെ പ്രവര്‍ത്തനത്തില്‍ സംതൃപ്തനാണെന്നും അസിം പ്രേംജി പറഞ്ഞു.
ഒരു ചെറുകിട കമ്പനിയില്‍നിന്നും വിപ്രോയെ 850 കോടി ഡോളര്‍ മൂല്യമുള്ള ഐടി കമ്പനിയായി വളര്‍ത്തിയ അസിം പ്രേംജിയെ ഇന്ത്യയിലെ ഏറ്റവും ദാനശീലനായ സമ്പന്നനായാണ് വിലയിരുത്തുന്നത്. വരുമാനത്തി്‌ന്റെ വലിയൊരു ഭാഗം അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ്ചിലവഴിവച്ചിരുന്നു.