‘നമസ്‌കാരം ദിനേശാണ് പി.ആര്‍.ഒ’ കൊങ്കണിയിലേക്ക്: കവര്‍ പേജ് പ്രകാശനം ചെയ്തു

‘നമസ്‌കാരം ദിനേശാണ് പി.ആര്‍.ഒ’ കൊങ്കണിയിലേക്ക്: കവര്‍ പേജ് പ്രകാശനം ചെയ്തു

മഹേഷ് എം കമ്മത്ത്-
കൊച്ചി/കണ്ണൂര്‍ : 
മലയാള സിനിമയിലെ പ്രമുഖ പി.ആര്‍.ഒ. എ.എസ്. ദിനേശിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘നമസ്‌കാരം ദിനേശാണ് പി.ആര്‍.ഒ.’ എന്ന പുസ്തകം കൊങ്കണി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു. ഓഗസ്റ്റ് 20ന് പുറത്തിറങ്ങുന്ന പരിഭാഷയുടെ കവര്‍ പേജ് പ്രകാശനം ചെയ്തു. കൊച്ചി, ഗോശ്രീപുരത്തെ കൃഷ്ണ നാരായണ നായ്ക്ക് ആണ് ഈ പുസ്തകം കൊങ്കണി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പി.ആര്‍.ഒ. തന്റെ അനുഭവം പുസ്തകമാക്കുന്നത്. കാല്‍നൂറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിനിടയില്‍ മനസ്സില്‍ പതിഞ്ഞ നേര്‍ക്കാഴ്ചകളും അനുഭവങ്ങളുമാണ് ലളിതമായ ശൈലിയില്‍ ദിനേശ് ഈ ഗ്രന്ഥത്തിലൂടെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ സപര്യ:
അക്കേരിപ്പറമ്പില്‍ സദാനന്ദ പ്രഭു ദിനേശ് എന്ന എ.എസ്. ദിനേശ് ഇതുവരെ 1500ല്‍ അധികം ചിത്രങ്ങളുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊങ്കണി സംസാരിക്കുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായാംഗമായ അദ്ദേഹം മലയാളത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കൊച്ചിന്‍ പ്രസ് അക്കാദമിയുടെ ആദ്യ ബാച്ചിലെ ജേണലിസം വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം 1997ല്‍ ‘ആറ്റുവേല’ എന്ന ചിത്രത്തിലൂടെയാണ് ഈ രംഗത്തേക്ക് വരുന്നത്.

‘ഹരിഹരന്‍പിള്ള ഹാപ്പിയാണ്’, ‘ദാദാ സാഹിബ്’, ‘തച്ചിലേടത്തു ചുണ്ടന്‍’ തുടങ്ങിയ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായ ദിനേശ്, മാക്ടയുടെ ട്രഷററായും മാക്ട സൊസൈറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2004ല്‍ മികച്ച പി.ആര്‍.ഒമാര്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ ജെ.സി ഫൗണ്ടേഷന്‍ അവാര്‍ഡ്, 2022ലെ കലാഭവന്‍ മണി സ്മാരക അവാര്‍ഡ്, ബിഗ് സ്‌ക്രീന്‍ പുരസ്‌കാരം, മലനാട് ടി.വി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സ്വന്തം മാതൃഭാഷയായ കൊങ്കണിയിലേക്ക് പുസ്തകം മൊഴിമാറ്റം ചെയ്യപ്പെടുന്നത് മലയാള സിനിമാ ചരിത്രത്തിലെ അപൂര്‍വ്വ ഏടുകളില്‍ ഒന്നായി മാറും.

മാക്ട ചെയര്‍മാന്‍ ജോഷി മാത്യു, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി, ട്രഷറര്‍ സജിന്‍ ലാല്‍,

സിഎ നന്ദഗോപാല്‍ ഷേണായി (എംഡി – ദേവഗിരി ടീ & പ്രൊഡ്യൂസ്, പ്രസിഡണ്ട് – വിശ്വ കൊങ്കണി കേന്ദ്ര, മംഗലാപുരം), അജിത് വി. മല്ലര്‍ (പ്രസിഡന്റ് – ജിഎസ്ബി മഹാമായ സേവാ സമിതി),

ശിവപ്രസാദ് എസ്സ്. ഷേണായി (ആയുര്‍വേദ പാരമ്പര്യ ചികിത്സകനും സിനിമ നിര്‍മ്മാതാവും സണ്‍സണ്‍ ഹെര്‍ബല്‍സ് – മാനേജിംഗ് ഡയറക്ടര്‍, ചെയര്‍മാന്‍ – സൂര്യ ട്രസ്റ്റ്, പയ്യന്നൂര്‍, മാനേജിംഗ് എഡിറ്റര്‍ – സണ്‍സണ്‍ ക്രിയേഷന്‍സ് & പവിത്ര ഭൂമി), 

വാസുദേവ് സി പൈ (പാര്‍ട്ട്ണര്‍ – എം/എസ്. യു. ഗോവിന്ദ പൈ, ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി – എസ്.വി. ടെമ്പിള്‍, കണ്ണൂര്‍), ഗണേഷ് വിശ്വനാഥ ഭട്ട്, (ചരിത്ര ഗവേഷകനും ഓട്ടോമൊബൈല്‍ ഇന്‍സ്ട്രക്ടറും ദ്വിചക്ര & ശ്രീചക്ര ടൂ വീലര്‍ സര്‍വീസ് സെന്റര്‍ ഉടമ, സെക്രട്ടറി – ജിഎസ്ബി മഹാമായ സേവാ സമിതി, കണ്ണൂര്‍) തുടങ്ങിയ പ്രമുഖര്‍ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു.

കൊച്ചിയിലെ ക്ലിക്ക് കമ്മ്യൂണികേഷന്‍സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close