
ആപ്പിളിന്റെ ഏറ്റവും പുതിയ ഐമാക് ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. 24 ഇഞ്ച് 4.5K റെറ്റിന ഡിസ്‌പ്ലേയുമായി എത്തുന്ന പുതിയ ഓള്‍-ഇന്‍-വണ്‍ കമ്പ്യൂട്ടറിന്റെ പ്രധാന ആകര്‍ഷണം ആപ്പിളിന്റെ ഏറ്റവും പുതിയ M6 ചിപ്പാണ്. 2nm പ്രോസസ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ആദ്യ ആപ്പിള്‍ കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായാണ് ഈ ചിപ്പിനെ കമ്പനി വിശേഷിപ്പിക്കുന്നത്.
ചെറുകിട സംരംഭകര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ ഐമാക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് ക്രമീകരിക്കാവുന്ന ആകര്‍ഷകമായ ഡിസൈനിനൊപ്പം ദൈനംദിന ജോലികള്‍, ഫോട്ടോ എഡിറ്റിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിയവ കൂടുതല്‍ വേഗത്തില്‍ നിര്‍വഹിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 24 ഇഞ്ച് വലിപ്പമുള്ള 4.5K റെറ്റിന ഡിസ്‌പ്ലേ മികച്ച ദൃശ്യാനുഭവവും വാഗ്ദാനം ചെയ്യുന്നു.
പുതിയ ഐമാക് macOS 27 ഗോള്‍ഡന്‍ ഗേറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ഇന്റലിജന്‍സിന്റെയും പുതിയ സിരി എഐ സംവിധാനത്തിന്റെയും പിന്തുണയും ഇതിലുണ്ട്. സന്ദേശങ്ങള്‍, ഇമെയിലുകള്‍, ഫോട്ടോകള്‍ എന്നിവയില്‍ ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും സ്‌ക്രീനില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ച് സിരിയോട് ചോദ്യങ്ങള്‍ ചോദിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.
ഇന്ത്യയില്‍ പുതിയ ഐമാക്കിന്റെ അടിസ്ഥാന മോഡലിന് 1,74,900 രൂപയാണ് പ്രാരംഭവില. 10കോര്‍ സിപിയു, 10കോര്‍ ജിപിയു, 16GB റാം, 256GB സ്‌റ്റോറേജ് എന്നിവയാണ് ഈ പതിപ്പിലുള്ളത്. പ്രതിമാസം 14,158 രൂപയുടെ നോകോസ്റ്റ് ഇഎംഐ സൗകര്യത്തോടെയും ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറോടെയും ഇത് സ്വന്തമാക്കാം.

കൂടുതല്‍ മികച്ച പ്രകടനം ആഗ്രഹിക്കുന്നവര്‍ക്കായി 12കോര്‍ സിപിയുവും 12കോര്‍ ജിപിയുവും ഉള്‍പ്പെടുത്തിയ മറ്റൊരു പതിപ്പും ലഭ്യമാണ്. ഈ മോഡലിന് 1,99,900 രൂപയാണ് വില. 32GB വരെ റാമും 2TB വരെ സ്‌റ്റോറേജും തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും കമ്പനി നല്‍കുന്നു. ഈ പതിപ്പും നോകോസ്റ്റ് ഇഎംഐ, ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറുകള്‍ വഴി വാങ്ങാനാകും.
നീല, പച്ച, ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍, സില്‍വര്‍, മഞ്ഞ എന്നീ ഏഴ് നിറങ്ങളിലാണ് പുതിയ ഐമാക് എത്തുന്നത്. കമ്പ്യൂട്ടറിന്റെ നിറവുമായി പൊരുത്തപ്പെടുന്ന കീബോര്‍ഡ്, മൗസ് അല്ലെങ്കില്‍ ട്രാക്ക്പാഡ് എന്നിവയും ലഭിക്കും. ടച്ച് ഐഡി പിന്തുണയുള്ള കീബോര്‍ഡ് തിരഞ്ഞെടുക്കാനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്. നവംബര്‍ 6 മുതല്‍ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും വില്‍പ്പന ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പുതിയ M6 ചിപ്പിന്റെ പ്രകടനശേഷിയാണ് ഐമാക്കിന്റെ മറ്റൊരു പ്രധാന സവിശേഷത. 12 കോര്‍ വരെയുള്ള സിപിയു കോണ്‍ഫിഗറേഷന്‍ പിന്തുണയ്ക്കുന്ന ഈ ചിപ്പിന്റെ സിംഗിള്‍ത്രെഡഡ് പ്രകടനം ലോകത്തിലെ ഏറ്റവും വേഗതയേറിയതാണെന്നാണ് ആപ്പിളിന്റെ അവകാശവാദം. ഓരോ കോറിലും ന്യൂറല്‍ ആക്‌സിലറേറ്ററുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എഐ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. മെമ്മറി ബാന്‍ഡ്‌വിഡ്ത്ത് 170GB/s വരെയാണെന്നും കമ്പനി വ്യക്തമാക്കുന്നു.
മുന്‍ തലമുറയിലെ ങ4 ചിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാഫിക്‌സ് പ്രകടനത്തില്‍ മെച്ചപ്പെട്ട വേഗത ലഭിക്കുമെന്നും ആപ്പിള്‍ പറയുന്നു. 16കോര്‍ ന്യൂറല്‍ എന്‍ജിന്‍ ഉള്‍പ്പെടുന്ന സംവിധാനവും ഇതിലുണ്ട്. ഗ്രാഫിക്‌സ്, എഐ പ്രോസസ്സിങ് തുടങ്ങിയ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും.
പ്രകടനവുമായി ബന്ധപ്പെട്ട് കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, M1 ചിപ്പുള്ള ഐമാക്കിനെ അപേക്ഷിച്ച് മൈക്രോസോഫ്റ്റ് എക്‌സെല്‍ പോലുള്ള ആപ്പുകള്‍ 2.5 മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കും. ഇന്റല്‍ പ്രോസസറുള്ള പഴയ ഐമാക്കില്‍ നിന്ന് മാറുന്നവര്‍ക്ക് 18 മടങ്ങ് വരെ വേഗത വര്‍ധന ലഭിക്കുമെന്നും അവകാശപ്പെടുന്നു. ഫോട്ടോ എഡിറ്റിങ് 3.3 മടങ്ങ് വേഗത്തിലാക്കാനും എല്‍എം സ്റ്റുഡിയോ ഉപയോഗിച്ചുള്ള എഐ പ്രോംപ്റ്റ് പ്രോസസ്സിങ് 12 മടങ്ങ് വേഗത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കും. ഗെയിമുകളില്‍ റേ ട്രേസിങ് ഉപയോഗിക്കുമ്പോള്‍ പ്രകടനം ഇരട്ടിയാകുമെന്നും കമ്പനി പറയുന്നു.

പുതിയ macOS 27ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സവിശേഷതകള്‍ ജോലികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും പ്രാധാന്യം നല്‍കുന്നു. സഫാരി ബ്രൗസറില്‍ ടാബുകള്‍ വിഷയങ്ങള്‍ക്കനുസരിച്ച് സ്വയമേവ ക്രമീകരിക്കാനാകും. ഷോര്‍ട്ട്കട്ടുകള്‍ ഉപയോഗിച്ച് ലളിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലൂടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും ഫോട്ടോസ് ആപ്പിലെ സ്മാര്‍ട്ട് എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും കഴിയും. ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഉപകരണത്തിനുള്ളില്‍ തന്നെ നിര്‍വഹിക്കുന്നതിനാല്‍ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ആപ്പിളിന്റെ വിശദീകരണം.
ദൃശ്യ, ശബ്ദ അനുഭവങ്ങളിലും പുതിയ ഐമാക് ശ്രദ്ധേയമായ മാറ്റങ്ങളുമായാണ് എത്തുന്നത്. 500 നിറ്റ്‌സ് പരമാവധി തെളിച്ചമുള്ള 24 ഇഞ്ച് 4.5K റെറ്റിന ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. വീഡിയോ കോളുകളില്‍ ഉപയോക്താവിനെ ഫ്രെയിമിന്റെ മധ്യത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന 12ങജ സെന്റര്‍ സ്‌റ്റേജ് ക്യാമറയും ഇതിലുണ്ട്. മേശപ്പുറത്തുള്ള വസ്തുക്കള്‍ ക്യാമറയിലൂടെ കാണിച്ചുകൊടുക്കാന്‍ സഹായിക്കുന്ന ഡെസ്‌ക് വ്യൂ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച ബാസ് ശബ്ദവും സ്‌പേഷ്യല്‍ ഓഡിയോ പിന്തുണയും നല്‍കുന്ന സ്പീക്കറുകള്‍ക്കൊപ്പം വ്യക്തമായ ശബ്ദസംപ്രേഷണത്തിനായി മൂന്ന് മൈക്രോഫോണുകളും നല്‍കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ്, ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, കണ്ടന്റ് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടും.
കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ Wi-Fi 7, Bluetooth 6 എന്നിവയാണ് പുതിയ ഐമാക്കിലുള്ളത്. മുന്‍ പതിപ്പിനെ അപേക്ഷിച്ച് 2.5 മടങ്ങ് വേഗതയുള്ള 2.5 ഗിഗാബിറ്റ് ഇഥര്‍നെറ്റ് സൗകര്യവും ഇതിലുണ്ട്. സ്‌റ്റോറേജ് സംവിധാനത്തിന്റെ വേഗതയും മെച്ചപ്പെടുത്തിയിട്ടുണ്ട്. നാല് Thunderbolt 4 പോര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നതിനാല്‍ 6K റെസല്യൂഷനുള്ള രണ്ട് ബാഹ്യ ഡിസ്‌പ്ലേകള്‍വരെ കണക്റ്റ് ചെയ്യാനും സാധിക്കും.
ആകര്‍ഷകമായ ഏഴ് നിറങ്ങള്‍, ഉയര്‍ന്ന റെസല്യൂഷനുള്ള ഡിസ്‌പ്ലേ, മെച്ചപ്പെട്ട പ്രോസസ്സിങ് ശേഷി, എഐ സവിശേഷതകള്‍, ആധുനിക കണക്റ്റിവിറ്റി എന്നിവ സംയോജിപ്പിച്ചാണ് പുതിയ ഐമാക് അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ ജോലികള്‍ക്കും ദൈനംദിന കമ്പ്യൂട്ടിങ് ആവശ്യങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ ഓള്‍ഇന്‍വണ്‍ ഡെസ്‌ക്‌ടോപ്പ് എന്ന നിലയിലാണ് ആപ്പിള്‍ പുതിയ മോഡലിനെ വിപണിയിലെത്തിക്കുന്നത്.