കൗതുകമായി നങ്കൂരക്കല്ല്

കൗതുകമായി നങ്കൂരക്കല്ല്

കണ്ണൂര്‍: സിറ്റി ഹൈദ്രോസ് പള്ളിയുടെ തറയോട് ചേര്‍ന്ന് നില കൊള്ളുന്ന നങ്കൂരക്കല്ല് ചരിത്രകുതുകികള്‍ക്ക് വിസ്മയമാവുന്നു. പണ്ട് കാലത്ത് ചരക്ക് യാനങ്ങളെ കരയുമായി ബന്ധിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നതാണ് നങ്കൂരക്കല്ല് (Ancoring Stone). ഇതിന് ‘കല്ലങ്കൂരം’ എന്നും പേരുണ്ട്. കണ്ണൂരിന്റെ ഗതകാല സമുദ്ര വ്യാപാര ചരിത്രത്തിലേക്ക് വെളിച്ചം വീശുകയാണ് ഈ പുരാവസ്തു.

ജില്ലയിലെ ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തെക്കുറിച്ച് പഠനം നടത്തുന്ന ഗണേഷ് വി. ഭട്ടാണ് ഈ അപൂര്‍വ്വ വസ്തു തിരിച്ചറിഞ്ഞത്. തന്റെ പഠനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി ഭാഗങ്ങളില്‍ പരിശോധന നടത്തവെയാണ് സവിശേഷത ഏറെയുളള നങ്കൂരക്കല്ല് കണ്ടെത്തിയത്.

കേരളത്തില്‍ കണ്ണൂരിന് പുറമേ ബേപ്പൂര്‍, കൊല്ലം എന്നീവിടങ്ങളിലും ഇന്ത്യയിലെ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ലക്ഷദ്വീപ്, വെസ്റ്റ് ബംഗാള്‍, ഒറീസ്സ, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീവിടങ്ങളിലുമാണ് നങ്കൂരകല്ലുകള്‍ ഇതുവരെ കണ്ടെത്തിയിരിക്കുതെന്ന് ഗോവ ആസ്ഥാനമായ മറൈന്‍ ആര്‍ക്കിയോളജി സെന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ കുറിപ്പില്‍ കാണുന്നു. 2005ല്‍ വകുപ്പ് ഇവിടെയെത്തി പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഗവേഷകരും വിദ്യാര്‍ത്ഥികളും വല്ലപ്പോഴും നങ്കൂരക്കല്ല് തേടിയെത്താറുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ക്കോ പരിസരവാസികള്‍ക്കോ ഇതെന്താണെന്നോ ഇതിന്റെ ചരിത്ര പ്രാധാന്യമോ അറിയുമായിരുന്നില്ല.

ദീര്‍ഘ സമചതുരമാണ് കണ്ണൂരില്‍ കണ്ടെത്തിയ കല്ലിന്റെ ആകൃതി. ഏതാണ്ട് 200 കിലോയിലേറെ ഭാരം വരും. വശങ്ങളില്‍ ദ്വാരങ്ങളുണ്ട്. ഇതില്‍ കയര്‍ കെട്ടിയാണ് ഉരുവിനെ കരയുമായി ബന്ധിപ്പിക്കുന്നത്.

വലിയ ചരക്ക് യാനങ്ങളെ പണ്ട് കാലത്ത് ബസാള്‍ട്ട് ശിലകളില്‍ മിനുസപ്പെടുത്തിയെടുത്ത ഇത്തരം കല്ലുകളുമായാണ് കരയുമായി ബന്ധിപ്പിച്ചിരുന്നത്. വലിയ വടങ്ങള്‍ ഇതിന്റെ ദ്വാരങ്ങളിലൂടെ ഇട്ട് കെട്ടുന്നതോടെ ശക്തിയേറിയ തിരമാലകള്‍ക്ക് പോലും ഉരുവിനെ ഇളക്കി മാറ്റാനാവില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

കണ്ണൂരില്‍ കണ്ടെത്തിയ കല്ലിന് ഏതാണ്ട് ഏഴ് നൂറ്റാണ്ടിലേറെ പഴക്കം വരും. 13-14 നൂറ്റാണ്ടുകളില്‍ അറബികളായ വ്യാപാരികളാണ് തങ്ങളുടെ കൂറ്റന്‍ ചരക്ക് നൗകകള്‍ക്ക് ഇത്തരം നങ്കൂരം ഉപയേഗിച്ചതെന്ന് ഗണേഷ് പറയുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വേളാപുരമെന്ന് ചരിത്രരേഖകളില്‍ ഖ്യാതികേട്ട കണ്ണൂര്‍ സിറ്റിക്ക് അറബികളുമായു ള്ള വ്യാപാര ബന്ധം പ്രസിദ്ധമാണ്. ഏഴ് നൂറ്റാണ്ട് മുമ്പത്തെ കണ്ണൂരിന്റെ വ്യാപാര പ്രൗഡി ഓര്‍മ്മപ്പെടുത്തുന്ന ഈ പുരാവസ്തു ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close