എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കില്ല

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കില്ല

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കും. വിമാനക്കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ സ്വാകര്യവത്കരിക്കാനുള്ള ശ്രമത്തിന് സമ്മതമറിയിച്ച് ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.
ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് നല്‍കുന്നതിനൊപ്പം പുതിയ വിമാനങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ ധനസഹായം നല്‍കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ പകരം ചുമതലയുള്ള പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇപ്പോള്‍ മികച്ച രീതിയില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വിമാനം പോലും യാത്രക്കാരില്ലാതെ സര്‍വീസ് നടത്തുന്നില്ല. ചെലവു ചുരുക്കല്‍ പ്രക്രിയകൂടി മികച്ചതായാല്‍ എയര്‍ ഇന്ത്യക്ക് പ്രവര്‍ത്തനക്ഷമത കൈവരിക്കാനാകും. ഇപ്പോള്‍ എടുത്തുചാടി സ്വകാര്യവത്കരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close