അമ്മയല്ല, തീപാറുന്ന ‘ആശ’; ഉര്‍വശിയുടെ വേറിട്ട പകര്‍ന്നാട്ടം

അമ്മയല്ല, തീപാറുന്ന ‘ആശ’; ഉര്‍വശിയുടെ വേറിട്ട പകര്‍ന്നാട്ടം

മഹേഷ് മാധവ് കമ്മത്ത്-
ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തെ ഏറ്റവും പ്രഗത്ഭരായ നടിമാരുടെ നിരയില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന പേരാണ് ഉര്‍വശി. സ്വാഭാവിക അഭിനയവും അസാധാരണമായ ഹാസ്യരസാവതരണവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള അപൂര്‍വമായ കഴിവുകൊണ്ട് അഞ്ച് പതിറ്റാണ്ടോളമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കലാകാരിയാണ് അവര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട ഉര്‍വശിയുടെ അഭിനയജീവിതം തന്നെ ഇന്ത്യന്‍ സിനിമയിലെ ഒരു നീണ്ട അധ്യായമാണ്.

ബാലതാരമായി ‘കതിര്‍മണ്ഡപം’ (1979) എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി ബാലതാരമായി മലയാള സിനിമയിലെത്തുന്നത്. 1980ല്‍ പുറത്തിറങ്ങിയ ‘ദ്വിഗ്വിജയം’ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. നായികയായി അരങ്ങേറ്റം കുറിച്ചത് കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത 1983ലെ തമിഴ് ചിത്രം ‘മുന്താണൈ മുടിച്ച്’ലൂടെയായിരുന്നു. ചിത്രം വലിയ വിജയമായി മാറിയപ്പോള്‍, അടുത്ത വര്‍ഷം മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ‘എതിര്‍പ്പുകള്‍’ ആയിരുന്നു നായികയായി ഉര്‍വശിയുടെ ആദ്യ മലയാള ചിത്രം.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറ് തവണ നേടിയെന്ന റെക്കോര്‍ഡും ഉര്‍വശിയുടെ പേരിലാണ്. ‘മഴവില്‍ക്കാവടി’, ‘വാര്‍ദ്ധക്യപുരാണം’, ‘തലയണമന്ത്രം’, ‘കടിഞ്ഞൂല്‍ കല്യാണം’, ‘കാക്കത്തൊള്ളായിരം’, ‘മുഖചിത്രം’, ‘ഭരതം’, ‘കഴകം’, ‘മധുചന്ദ്രലേഖ’ തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനങ്ങള്‍ അവരുടെ അഭിനയശേഷിയുടെ വ്യത്യസ്ത തലങ്ങള്‍ അടയാളപ്പെടുത്തുന്നു. ‘അച്ചുവിന്റെ അമ്മ’യിലെ അഭിനയത്തിന് 2005ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡുകള്‍ (സൗത്ത്), കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ തുടങ്ങി നിരവധി അംഗീകാരങ്ങളും അവരുടെ കരിയറിന്റെ ഭാഗമാണ്.

അടുത്ത കാലത്ത് ഉര്‍വശിയുടെ അഭിനയശേഷിയെ വീണ്ടും ശക്തമായി ഓര്‍മിപ്പിച്ച ചിത്രമായിരുന്നു ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളിലെ രഹസ്യങ്ങളും വൈകാരിക സംഘര്‍ഷങ്ങളും പറഞ്ഞ ചിത്രത്തിലെ ‘കുട്ടിയമ്മ’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

തമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അപ്പത്ത’യിലും കേന്ദ്രകഥാപാത്രമായി ഉര്‍വശി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ഉര്‍വശിയുടെ മറ്റൊരു പ്രകടനം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. സഫര്‍ സനല്‍ സംവിധാനം ചെയ്ത ‘ആശ’.

ഒരു ചെറിയ റോഡപകടം. അതിനെ ചൊല്ലിയുണ്ടാകുന്ന ഒരു തര്‍ക്കം. പതിയെ അത് രണ്ട് വ്യക്തികളുടെ അഹന്തയുടെയും വാശിയുടെയും പോരാട്ടമായി മാറുന്നു. ഒടുവില്‍ ആ പോരാട്ടം അവരുടെ ജീവിതങ്ങളെ തന്നെ എത്രത്തോളം തകിടം മറിക്കും? ഈ ചോദ്യത്തിലൂടെയാണ് ‘ആശ’ ഒരു ഡാര്‍ക്ക് സസ്‌പെന്‍സ് ത്രില്ലറിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.

ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് ഉര്‍വശിയുടെ ‘ആശ’ തന്നെയാണ്. ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മക്കളെ വളര്‍ത്തിയെടുത്ത ഒരു അമ്മ. ജീവിതം നല്‍കിയ കയ്പ്പ് അവളുടെ സ്വഭാവത്തില്‍ ശാഠ്യവും കാര്‍ക്കശ്യവുമായി അടിഞ്ഞുകൂടിയിട്ടുണ്ട്. എന്നാല്‍ മക്കളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത അമ്മയുടെ മനക്കരുത്തും അതിനൊപ്പം ഉണ്ട്. ഈ രണ്ട് തലങ്ങളെയും ഒരേ സമയം വിശ്വസനീയമാക്കുകയാണ് ഉര്‍വശി ചെയ്യുന്നത്.

‘ആശ’യെ പൂര്‍ണമായി വായിച്ചെടുക്കുക എളുപ്പമല്ല. ചില സന്ദര്‍ഭങ്ങളില്‍ കഥാപാത്രത്തിന്റെ പെരുമാറ്റം സാധാരണ മാനസികാവസ്ഥയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് പോകുന്നതായി തോന്നും. ദേഷ്യം, ഭയം, വാശി, വൈകാരിക അസ്വസ്ഥത, നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെ വക്കിലെത്തുന്ന നിമിഷങ്ങള്‍ ഇതെല്ലാം വലിയ അഭിനയപ്രകടനങ്ങളായി കാണിക്കാതെ, വളരെ സ്വാഭാവികമായ രീതിയിലാണ് ഉര്‍വശി അവതരിപ്പിക്കുന്നത്. പ്രത്യേകിച്ച് അവരുടെ കണ്ണുകളിലും മുഖഭാവങ്ങളിലും ശരീരഭാഷയിലും കഥാപാത്രത്തിന്റെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ വായിച്ചെടുക്കാം.

പൊലീസിനോടും നിയമവ്യവസ്ഥയോടും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കോപാകുലയായ അമ്മയും ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന ‘ജീമോന്‍’ എന്ന കഥാപാത്രവും തമ്മിലുള്ള ഈഗോ പോരാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന രംഗങ്ങളില്‍ സംഭാഷണങ്ങളേക്കാള്‍ കൂടുതല്‍ പറയുന്നത് അവരുടെ മുഖഭാവങ്ങളും നിശ്ശബ്ദതകളുമാണ്. പ്രത്യേകിച്ച് എതിരാളിയുടെ മുന്നില്‍ ഒട്ടും പതറാതെ നില്‍ക്കുന്ന ഉര്‍വശിയുടെ ചില രംഗങ്ങള്‍ തിയറ്ററില്‍ നല്ലൊരു ടെന്‍ഷന്‍ സൃഷ്ടിക്കുന്നുണ്ട്.

മലയാള സിനിമയില്‍ പതിവായി കണ്ടുവരുന്ന സ്‌നേഹസമ്പന്നയും ത്യാഗമൂര്‍ത്തിയുമായ ‘അമ്മ’ കഥാപാത്രത്തിന്റെ പതിവ് ചട്ടക്കൂടില്‍ ഒതുങ്ങുന്നതല്ല ‘ആശ’. സ്‌നേഹത്തിനൊപ്പം കോപവും വാശിയും സംശയവും പ്രതികാരബോധവും മാനസിക സംഘര്‍ഷങ്ങളും ഒക്കെ കൂടിച്ചേര്‍ന്ന, ചിലപ്പോള്‍ നമ്മളെ അസ്വസ്ഥരാക്കുന്ന ഒരു കഥാപാത്രമാണിത്. അതുകൊണ്ടുതന്നെ ഉര്‍വശിയുടെ അനുഭവസമ്പത്ത് ഈ കഥാപാത്രത്തിന് വലിയ മുതല്‍ക്കൂട്ടാകുന്നു.

ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ലഭിക്കുന്ന തീവ്രത സിനിമയുടെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അമ്മയെക്കുറിച്ചുള്ള ആശങ്കയും വൈകാരികമായ ആകുലതകളും ഉള്ള മകളായി ഐശ്വര്യ ലക്ഷ്മിയും ശ്രദ്ധേയയാണ്. വിജയരാഘവന്‍, രമേഷ് ഗിരിജ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നു.

സംവിധായകന്‍ സഫര്‍ സനലിനൊപ്പം ജോജു ജോര്‍ജും രമേഷ് ഗിരിജയും ചേര്‍ന്നൊരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു കരുത്ത്. കഥ മുന്നോട്ട് പോകുമ്പോള്‍ എല്ലാത്തിനും കൃത്യമായ ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം ചില ചോദ്യങ്ങള്‍ പ്രേക്ഷകന്റെ മുന്നില്‍ തന്നെ ബാക്കിവെക്കുകയാണ് സിനിമ. അതുകൊണ്ടുതന്നെ കഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തിയറ്റര്‍ വിട്ടിറങ്ങിയ ശേഷവും തുടരാനുള്ള സാധ്യതയുണ്ട്.

മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയുടെ മൂഡിനൊപ്പം സഞ്ചരിക്കുന്നു. ഷാന്‍ മുഹമ്മദിന്റെ എഡിറ്റിംഗ് കഥയുടെ ടെന്‍ഷന്‍ നിലനിര്‍ത്തുമ്പോള്‍ ഗോവിന്ദ് വസന്തയുടെ പശ്ചാത്തലസംഗീതം പല രംഗങ്ങള്‍ക്കും ആവശ്യമായ അസ്വസ്ഥതയും ആകാംക്ഷയും പകരുന്നു. അജയന്‍ അടാട്ടിന്റെ സൗണ്ട് ഡിസൈനും ചിത്രത്തിന്റെ സസ്‌പെന്‍സ് അന്തരീക്ഷത്തെ കൂടുതല്‍ ശക്തമാക്കുന്നു.

ഒരു കാര്യം വ്യക്തമാണ് ചിത്രത്തിലെ ഉര്‍വശിയുടെ പ്രകടനം അത്ര പെട്ടെന്ന് മറക്കാനാകുന്നതല്ല.

അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിനിടയിലും ഒരു നടിക്ക് ഇനിയും ഇത്തരത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ കഴിയുമെന്നതിന്റെ മറ്റൊരു തെളിവാണ് ‘ആശ’. കഥയിലെ ഇരുട്ടിനേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ കഥാപാത്രങ്ങളുടെ മനസ്സിലെ ഇരുട്ടാണ് നമ്മളെ പിടിച്ചിരുത്തുന്നത്. ആ ഇരുട്ടിനുള്ളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ഏറ്റവും ശക്തമായ സാന്നിധ്യം ഉര്‍വശിയുടെ ‘ആശ’ തന്നെയാണ്.

ആകാംക്ഷയും സംഘര്‍ഷവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് തിയറ്ററില്‍ തന്നെ അനുഭവിക്കേണ്ട ഒരു ഡാര്‍ക്ക് സസ്‌പെന്‍സ് ത്രില്ലറാണ് ‘ആശ’.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close