
മഹേഷ് മാധവ് കമ്മത്ത്-
സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് റീല്‍സും എഐ ഫില്‍ട്ടറുകളും വെറും ലൈക്കിനും ഷെയറിനും മാത്രമല്ല, 45 കൊല്ലം പഴക്കമുള്ള മോഷണക്കേസിലെ പ്രതിയെ പൊക്കാന്‍ വരെ സഹായിക്കുമെന്ന് മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ആ സ്ത്രീ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല!
സോഷ്യല്‍ മീഡിയയില്‍ തരംഗമായ ’80’s AI ഫോട്ടോ ട്രെന്‍ഡില്‍’ കൗതുകം മൂത്ത് പങ്കെടുത്തതാണ് സിനിമയെ വെല്ലുന്ന ഈ സംഭവത്തിന് വഴിത്തിരിവായത്.
പഴയകാലത്തെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന എഐ ട്രെന്‍ഡിന്റെ ഭാഗമായി, എണ്‍പതുകളിലെ ശൈലിയിലുള്ള തന്റെ എഐ ഫോട്ടോ സന്തോഷത്തോടെ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍, ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ലൈക്കുകളും കമന്റുകളും പ്രതീക്ഷിച്ചിട്ട പോസ്റ്റ് ചെന്നു പതിഞ്ഞത് 45 വര്‍ഷം മുന്‍പ് ഇവര്‍ മാല മോഷ്ടിച്ച അതേ സ്വര്‍ണ്ണപ്പണിക്കാരന്റെ ടൈംലൈനിലായിരുന്നു!
സ്‌ക്രോള്‍ ചെയ്യുന്നതിനിടെ ഫോട്ടോ കണ്ട സ്വര്‍ണ്ണപ്പണിക്കാരന്‍ സൂക്ഷിച്ചു നോക്കിയപ്പോഴാണ്, നാലര പതിറ്റാണ്ട് മുന്‍പ് തന്റെ കടയില്‍ നിന്ന് സ്വര്‍ണ്ണമാല അടിച്ചുമാറ്റി മുങ്ങിയ അതേ സ്ത്രീ തന്നെയാണ് ഇതെന്ന് സംശയം തോന്നിയത്. പഴയ സംഭവങ്ങള്‍ കൃത്യമായി ഓര്‍ത്തെടുത്ത ഇയാള്‍ ഒട്ടും സമയം കളയാതെ വൈറല്‍ ഫോട്ടോയുടെ തെളിവുകളുമായി പോലീസിനെ സമീപിച്ചു.
പഴയ ഫയലുകള്‍ പൊടിതട്ടിയെടുത്ത് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, എഐ ഫോട്ടോയ്ക്ക് മുന്നില്‍ പിടിവള്ളികളൊന്നുമില്ലാതെ ആ സ്ത്രീ ഒടുവില്‍ കുറ്റം സമ്മതിച്ചു. നോസ്റ്റാള്‍ജിയ ഉണര്‍ത്താന്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഒടുവില്‍ പഴയ കേസിന്റെ കൈവിലങ്ങായി മാറിയ കഥ കേട്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ!
സോഷ്യല്‍ മീഡിയയിലെ എഐ ട്രെന്‍ഡുകള്‍ രസകരമാണെങ്കിലും, ചിത്രങ്ങളും വിവരങ്ങളും പരസ്യമായി പങ്കുവെക്കുമ്പോള്‍ ഡിജിറ്റല്‍ സുരക്ഷ മുന്‍നിര്‍ത്തി ജാഗ്രത പാലിക്കുക. എന്നാല്‍ അതിലുപരി, ഭൂതകാലത്തില്‍ എന്തെങ്കിലും ‘കൈപ്പബദ്ധങ്ങള്‍’ ഒപ്പിച്ചു വെച്ചിട്ടുള്ളവര്‍ എഐ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് പഴയ ലുക്കുകള്‍ റീക്രിയേറ്റ് ചെയ്യുമ്പോള്‍ പ്രത്യേകം സൂക്ഷിക്കുക! എഐ കൊണ്ടുവരുന്നത് വെറുമൊരു പഴയകാല ‘നോസ്റ്റാള്‍ജിയ’ മാത്രമല്ല, ചിലപ്പോള്‍ പഴയ കേസുകളുടെ ‘ക്ലോസ്അപ്പ്’ (ക്ലോസ്സ് ആപ്പ്) കൂടിയായേക്കാം!