തുടര്‍ച്ചയായി 5 ദിവസം ബാങ്ക് അവധി: ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം…

തുടര്‍ച്ചയായി 5 ദിവസം ബാങ്ക് അവധി: ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം…
 സെപ്റ്റംബര്‍ അവസാന വാരത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സെപ്റ്റംബര്‍ 26 മുതല്‍ 30 വരെയുള്ള തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും.

ജീവനക്കാരുടെ സംഘടനകള്‍ പ്രഖ്യാപിച്ച മൂന്നു ദിവസത്തെ പണിമുടക്കും പ്രതിമാസ അവധി ദിനങ്ങളും ഒത്തുചേരുന്നതാണ് ഈ നീണ്ട ഇടവേളയ്ക്ക് കാരണമാകുന്നത്.

ഏഴ് ബാങ്കിംഗ് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (UFBU) സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയാണ് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളായ സെപ്റ്റംബര്‍ 26 (നാലാം ശനിയാഴ്ച), 27 (ഞായറാഴ്ച) എന്നിവ ബാങ്ക് അവധികളാണ്. അതുകൊണ്ടുതന്നെ, സെപ്റ്റംബര്‍ 25 വെള്ളിയാഴ്ചയായിരിക്കും ഈ ദിവസങ്ങളില്‍ ശാഖകളില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്താനുള്ള അവസാന അവസരം.

ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും എടിഎം, കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ ലഭ്യമായിരിക്കും. കൂടാതെ യോനോ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അറിയിച്ചിട്ടുണ്ട്. എങ്കിലും, നേരിട്ട് നടത്തേണ്ട പ്രധാനപ്പെട്ട ബാങ്കിംഗ് കാര്യങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ സമരത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ത്തന്നെ പൂര്‍ത്തിയാക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close