വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. നിലവിലുള്ള നാണയ മാതൃകകളില്‍നിന്ന് വ്യത്യാസമുള്ള, 12 കോണുകളോടു കൂടിയ നാണയമാണ് വരുന്നത്. 8.54 ഗ്രാമാണ് തൂക്കം. വ്യാസം 27 മി.മീറ്റര്‍. പുതിയ നാണയം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറങ്ങി. രാജ്യത്തിന്റെ കാര്‍ഷിക സമൃദ്ധിയെ സൂചിപ്പിച്ച് ധാന്യങ്ങള്‍ നാണയത്തില്‍ ആലേഖനം ചെയ്യും. അശോകസ്തംഭവും ഉണ്ടാകും.
നാണയം പുറത്തിറങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. 10 രൂപ നാണയം ഇറങ്ങി 10 വര്‍ഷം കഴിയുന്ന സമയത്താണ് 20 രൂപ നാണയമിറക്കാന്‍ തീരുമാനം. 27 മി.മീറ്റര്‍ നീളത്തിലുള്ള നാണയം നിലവിലുള്ള 10 രൂപ നാണയത്തില്‍നിന്ന് ഒറ്റനോട്ടത്തില്‍ തന്നെ വേറിട്ടതാവും. 10 രൂപ നാണയം പോലെ 20 രൂപയും രണ്ട് നിറത്തിലാണ് പുറത്തിറങ്ങുന്നത്.
നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ആണ്. ഉള്ളിലെ വൃത്തത്തില്‍ 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും അഞ്ചു ശതമാനം നിക്കലുമാണ്. പുതിയ ശ്രേണിയിലെ ഒന്ന്, രണ്ട്, അഞ്ച്, 10 രൂപ നാണയങ്ങളും പുറത്തിറക്കും.